ഖഷോഗി കൊലപാതകം:സൗദി ‘പ്രതി’ക്കൂട്ടില്‍, സിഐഎ മേധാവി തുര്‍ക്കിയിലേക്ക്…

ഇസ്താംബൂള്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹാവശിഷ്ടം സൗദി നയതന്ത്ര തലവന്റെ വീട്ടില്‍ കണ്ടെത്തിയതോടെ സൗദി ഭരണകൂടം കൂടുതല്‍ പ്രതിസന്ധിയില്‍. സിഐഎ മേധാവിയോട് തുര്‍ക്കിയിലേക്ക് തിരിക്കാന്‍ ട്രംപ് നിര്‍ദ്ദേശം നല്‍കി.

ഖഷോഗി കൊല്ലപ്പെട്ടെന്ന് സൗദി നേരത്തെ വെളിപ്പെടുത്തിയെങ്കിലും മൃതദേഹം എവിടെയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഈ ദുരൂഹതയാണ് തുര്‍ക്കിയുടെ വെളിപ്പെടുത്തലോടെ മറനീക്കി പുറത്തുവന്നത്. ഈ സാഹചര്യത്തില്‍ തുര്‍ക്കിയിലേക്ക് തിരിക്കാന്‍ സിഐഎ മേധാവിക്ക് യു.എസ്.പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കി. സൗദി പൗരനാണെങ്കിലും അമേരിക്കയില്‍ സ്ഥിര താമസക്കാരനായിരുന്ന ഖഷോഗി. വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു ഇദ്ദേഹം. ഖഷോഗിയുടെ മരണം വ്യക്തമായ കൊലപാതകമാണെന്ന് തുര്‍ക്കി പാര്‍ല്ലമെന്റില്‍ പ്രസിഡന്റ് റെജെപ് തയ്യീപ് എല്‍ദോവന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്.

മൃതദേഹം ഉപേക്ഷിക്കാന്‍ തുര്‍ക്കിയിലെ തന്നെ കുറ്റവാളികളുടെ സഹായം കൊലയാളികള്‍ തേടിയിട്ടുണ്ടെന്നായിരുന്നു പൊലീസിന്റെ നിഗമനം. അതിനിടെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് വഴിത്തിരിവ് സൃഷ്ടിച്ചത്. കോണ്‍സല്‍ ജനറല്‍ മുഹമ്മദ് അല്‍ ഒട്ടെയ്ബിയെ ദിവസങ്ങള്‍ക്ക് മുന്‍പ് സൗദി മടക്കി വിളിച്ചിരുന്നു. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഖഷോഗി, സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി സംസാരിച്ചിരുന്നു. സൗദിയിലേക്ക് മടങ്ങാനുള്ള രാജകുമാരന്റെ നിര്‍ദ്ദേശം ഖഷോഗി നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകം ആസൂത്രണം ചെയ്തത് രാജകുമാരന്റെ അടുപ്പക്കാരനായിരുന്ന സൗദ് അല്‍ ഖതാനി ആണെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍സുലേറ്റിലെത്തിയ ഖഷോഗി സ്‌കൈപ് മുഖേന ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്ന് , തര്‍ക്കത്തിനൊടുവില്‍ ഖഷോഗിയെ കൊല്ലാന്‍ നിര്‍ദ്ദേശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭാഷണത്തിന്റെ ശബ്ദരേഖ തുര്‍ക്കി പ്രസിഡന്റിന്റെ കൈയ്യിലുണ്ടെന്നും തുര്‍ക്കി മാധ്യമങ്ങള്‍ പറയുന്നു. അതിനിടെ ഖഷോഗിയുടെ കൊലപാതകികളില്‍ ഒരാള്‍ സഞ്ചരിച്ചിരുന്ന വാഹനം തുര്‍ക്കി അന്വേഷണ സംഘം കണ്ടെത്തി. ഖഷോഗിയുടെ തിരോധാനത്തിനിടെ കോണ്‍സുലേറ്റിനുള്ളില്‍ നിന്ന് പുക ഉയരുന്നതിന്റെ ചിത്രങ്ങള്‍ സഹിതം തുര്‍ക്കി മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഈ തെളിവുകളും തുര്‍ക്കി ശേഖരിച്ചിട്ടുണ്ട്. ഖഷോഗിയെക്കുറിച്ചുള്ള രേഖകളാണ് ഇവയെന്നാണ് സൂചന.

Top