ബര്‍ലിന്‍: സൗദി അറേബ്യയിലേയ്ക്ക് ആയുധങ്ങള്‍ കയറ്റി അയയ്ക്കരുതെന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ട് ജര്‍മ്മനി. മാധ്യമപ്രവര്‍ത്തകന്‍ ഖഷോജിയുടെ മരണത്തിലെ ദുരൂഹത തുടരുന്ന സാഹചര്യത്തിലാണ് ജര്‍മ്മനിയുടെ ഈ തീരുമാനം. രാജ്യത്തിന്റെ ധനമന്ത്രി പീറ്റര്‍ അല്‍മെയറാണ് ഇക്കാര്യം അറിയിച്ചത്.
ലോകരാജ്യങ്ങളെല്ലാം വിഷയത്തില്‍ സൗദി അറേബ്യയ്‌ക്കെതിരെ തിരിഞ്ഞു കഴിഞ്ഞു. ഇസ്താംബൂള്‍ കോണ്‍സുലേറ്റില്‍ വച്ചാണ് ഖഷോജിയെ കാണാതാവുന്നത്.
400 മില്യണ്‍ യൂറോയുടെ ആയുധങ്ങളാണ് സൗദി അറേബ്യയിലേയ്ക്ക് കയറ്റി അയക്കാന്‍ ജന്‍മ്മനി ഉദ്ദേശിച്ചിരുന്നത്. രാജ്യത്തിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് സൗദി. എന്നാല്‍ മാധ്യമ പ്രവര്‍ത്തകന്റെ തിരോധാനം അപകടകരമായ വിഷയമാണെന്ന് ജര്‍മ്മനി ആരോപിച്ചു.
നിലവില്‍ വാഷിംഗ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായിരുന്നു അദ്ദേഹം. അദ്ദേഹം കൊല്ലപ്പെട്ടിരിക്കാം എന്ന സംശയങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തു വന്നിരുന്നു. കോണ്‍സുലേറ്റില്‍ തെരച്ചില്‍ നടത്തണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടു. ഖഷോജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി ഒരു സംഘം സൗദി പുരോഹിതന്മാരും രംഗത്തു വന്നിരുന്നു. ഇത് സംബന്ധിച്ച് പുരോഹിതര്‍ അദ്ദേഹത്തിന് കത്തയയ്ക്കുകയും ചെയ്തു.
ഖത്തറിനെയും യമനിലെ സൗദിയുടെ ഇടപെടലിനെയും ഖഷോജി ശക്തമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്നതിന്റെ പേരില്‍ അദ്ദേഹത്തെ സൗദി നാട് കടത്തിയിരുന്നു.