ദോഹ: ജമാല്‍ ഖഷോഗിയുടെ ഘാതകരെ സൗദി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മൈക്ക് പോംപിയോ. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊല ചെയ്യപ്പെട്ട മാധ്യമ പ്രവര്‍ത്തകന്റെ കേസില്‍ കുറ്റവാളികളെ സൗദി നിയമത്തിന് മുന്നില്‍ എത്തിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആവശ്യപ്പെട്ടു.
പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഖത്തറിലെത്തിയ പോംപിയോ സൗദിയിലേക്ക് മടങ്ങുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായുള്ള കൂടിക്കാഴ്ചയില്‍ ഖഷോഗി പ്രശ്‌നം സംസാരിക്കുമെന്നും പോംപിയോ പറഞ്ഞു.
ഒക്‌ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ വിവാഹമോചന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ യുഎസില്‍നിന്ന് എത്തിയ ഖഷോഗിയെ സൗദിയില്‍നിന്നെത്തിയ സംഘം നിഷ്ഠൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഇസ്താംബൂളിലെ കോണ്‍സുലേറ്റ് മന്ദിരത്തില്‍ കൊലപാതകത്തിനുശേഷം മൃതദേഹം കഷണങ്ങളാക്കിയെന്നും ആരോപണമുണ്ട്. ആദ്യമൊക്കെ കൊപാതകത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ സൗദി ഒടുവില്‍ 11 പേരെ അറസ്റ്റു ചെയ്തു. ഇവരില്‍ അഞ്ചുപേര്‍ക്ക് വധശിക്ഷ നല്‍കണമെന്നു സൗദി പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.