ന്യൂഡല്‍ഹി: ഖേല്‍രത്‌ന പുരസ്‌കാരത്തിന് പരിഗണിച്ചില്ലെന്ന് ആരോപിച്ച് ഇന്ത്യന്‍ ഗുസ്തി താരം ബജ്‌റംഗ് പുനിയ കോടതിയിലേക്ക്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയ്ക്കായി സ്വര്‍ണ മെഡല്‍ നേടിയ താരമാണ് പുനിയ. പുരസ്‌കാരത്തിന് പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പുനിയ നേരത്തെ ദേശീയ കായികമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിനെ സമീപിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാമെന്ന് മന്തി അറിയിച്ചതായും പുനിയ പറഞ്ഞു.
കഴിഞ്ഞ ദിവസം മന്ത്രിയെ കണ്ടിരുന്നു. തന്നെ എന്തുകൊണ്ട് പുരസ്‌കാരത്തിന് പരിഗണിച്ചില്ലെന്നു ചോദിച്ചപ്പോള്‍ തനിക്ക് ആവശ്യമായ പോയിന്റുകള്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും താരം സൂചിപ്പിച്ചു. അത് തെറ്റാണ്, പുരസ്‌കാരം ലഭിച്ച മറ്റു രണ്ടുപേരേക്കാള്‍ (വിരാട് , മീരാഭായ് ചാനു) കൂടുതല്‍ പോയിന്റുകള്‍ താന്‍ നേടിയിട്ടുണ്ടെന്നും ഗുസ്തി താരം പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരത്തോടു കൂടി അനുകൂലമായ മറുപടി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് പുനിയ തീരുമാനിച്ചിരിക്കുന്നത്. താന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും, തനിക്ക് നീതി കിട്ടണമെന്നും പുനിയ പറഞ്ഞു.
എന്നാല്‍ പുരസ്‌കാരദാന ചടങ്ങിന് ഇനി അധികം സമയമില്ല. ഇന്ന് വൈകുന്നേരം വരെ താന്‍ കാക്കുമെന്നും, അതിനകം സര്‍ക്കാരില്‍ നിന്ന് അനുകൂലമായ ഒരു മറുപടി കിട്ടയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പുനിയ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ദേശീയ കായിക പുരസ്‌കാരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യന് ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലിയും ഭാരോദ്വഹനത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് മീരാഭായ് ചാനുവുമാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായത്.