ഖുറാന്‍ വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങളുടെ വില്‍പ്പന അവസാനിപ്പിച്ച് ആമസോണ്‍. മതവിശ്വാസികളുടെ വികാരം വ്രണപ്പെടുന്നെന്ന് കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിന്റെ പുതിയ നടപടി. വചനങ്ങള്‍ എഴുതിയ ഡോര്‍ മാറ്റ്, ബാത്ത് മാറ്റ് തുടങ്ങിയ ഉത്പന്നങ്ങളുടെ വില്‍പ്പനയാണ് ആമസോണ്‍ നിര്‍ത്തലാക്കിയത്.
മുസ്ലിം ഉപദേശക സംഘടനയായ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് (സിഎഐആര്‍) ആണ് ആമസോണിനെതിരെ പരാതിയുമായ് രംഗത്തെത്തിയിരിക്കുന്നത്. ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ ഗൈഡ് ലൈന്‍സ് ഓരോ വില്‍പനക്കാരനും പിന്‍തുടരണമെന്നും, ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്നും ആമസോണ്‍ ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. സംശയാസ്പദമായ ഉല്‍പന്നങ്ങള്‍ സ്റ്റോറില്‍ നിന്ന് നീക്കംചെയ്യുമെന്നും ആമസോണ്‍ അറിയിച്ചു.
പ്രവാചകനായ മുഹമ്മദ്, ഖുറാനിലെ വചനങ്ങള്‍, യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ച സ്‌പെയിനിലെ അല്‍ ഹംബ്ര കൊട്ടാരത്തിന്റെ ചിത്രങ്ങള്‍ എന്നിവയാണ് ടോയ്‌ലറ്റ് സീറ്റ് കവറായും, ഡോര്‍ മാറ്റായുമൊക്കെ ആമസോണില്‍ ലഭ്യമായിരുന്നത്.