ചിത്രയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ലജ്ജാകരം: ഖുശ്ബു

ചെന്നൈ: അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ കെ എസ് ചിത്ര പോസ്റ്റ് ചെയ്ത വീഡിയോക്ക് നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രക്ക് നേരിട്ട് പിന്തുണ അറിയിക്കുകയാണ് ദേശീയ വനിത കമ്മീഷന്‍ അംഗം ഖുശ്ബു . ചിത്രയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ലജ്ജാകരമാണെന്ന് ഖുശ്ബു പറഞ്ഞു.

അതേസമയം, ചിത്രയെ പിന്തുണക്കുന്ന നിലപാടാണ് മന്ത്രി സജി ചെറിയാനുള്‍പ്പെടെ നടത്തിയത്. രാമക്ഷേത്രം പണിയാന്‍ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേ. വിശ്വാസമുള്ളവര്‍ക്ക് പോകാം, വിശ്വാസമില്ലാത്തവര്‍ക്ക് പോകാതിരിക്കാം. ചിത്രയുടെ പരാമര്‍ശം വിവാദമാക്കേണ്ടതില്ല. ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാമെന്നും സുധാകരന്‍ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് വീടുകളില്‍ ദീപം തെളിയിക്കണമെന്നായിരുന്നു ചിത്രയുടെ പരാമര്‍ശം. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാവുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം. പരാമര്‍ശം വിവാദമാക്കേണ്ടെന്ന നിലപാടിലാണ് മന്ത്രി.

കെഎസ് ചിത്രയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആക്രമിക്കുന്നത് ഫാസിസമാണ്. ചിത്രക്കെതിരെ സൈബര്‍ ഇടത്തില്‍ നടക്കുന്നത് ഫാസിസമാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അതേസമയം, ചിത്രക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം കടുക്കുകയാണ്. അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നായിരുന്നു കെ.എസ്. ചിത്രയുടെ വീഡിയോ സന്ദേശം.

Top