കാരന്‍സിന്റെ വില രണ്ടാം തവണയും വര്‍ധിപ്പിച്ച് കിയ

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള എം.പി.വി. മോഡലാണ് കാരന്‍സ്. ഈ വര്‍ഷം ആദ്യം വിപണിയില്‍ എത്തിയ ഈ വാഹനത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. വേരിയന്റുകള്‍ക്ക് അനുസരിച്ച് 15,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് വര്‍ധന വരുത്തിയിട്ടുള്ളത്. ഏപ്രില്‍ മാസത്തില്‍ വരുത്തിയ വില വര്‍ധനവില്‍ 70,000 രൂപ വരെ ചില വേരിയന്റുകള്‍ക്ക് കൂടിയിരുന്നു.

നവംബര്‍ ഒന്നാം തിയതി മുതല്‍ പുതില വില പ്രബല്യത്തില്‍ വരുത്തിയിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. കാരന്‍സിന്റെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലിന്റെ ലക്ഷ്വറി വേരിയന്റിന് 35,000 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം, മറ്റ് ഡീസല്‍ വേരിയന്റുകള്‍ക്ക് 30,000 രൂപയാണ് ഉയര്‍ന്നിട്ടുള്ളത്. 1.5 ലിറ്റര്‍ പെട്രോള്‍ പ്രെസ്റ്റീജ് വേരിയന്റിന് 50,000 രൂപയാണ് ഉയര്‍ത്തിയിരിക്കുന്നത്. 1.5 പെട്രോള്‍ പ്രീമിയം, 1.4 ലിറ്റര്‍ പെട്രോള്‍ ലക്ഷ്വറി എന്നിവയ്ക്ക് യഥാക്രമം 40,000 രൂപയും 15,000 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

1.5 ലിറ്റര്‍ പെട്രോള്‍ പ്രീമിയം, പ്രസ്റ്റീജ് വേരിയന്റുകള്‍ക്ക് 9.99 ലക്ഷം രൂപയും 11.19 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. 1.5 ലിറ്റര്‍ ഡീസല്‍ മാനുവല്‍ മോഡലിന് 11.69 ലക്ഷം രൂപ മുതല്‍ 17.09 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഓട്ടോമാറ്റിക് പതിപ്പിന് 17.94 ലക്ഷവും 17.99 ലക്ഷവുമാണ് വില. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ വേരിയന്റുകളിലാണ് ഈ മോഡല്‍ എത്തുന്നത്. 1.4 ടര്‍ബോ പെട്രോള്‍ മാനുവല്‍ മോഡലുകള്‍ക്ക് 11.29 ലക്ഷം മുതല്‍ 16.79 ലക്ഷം രൂപ വരെയും ഡി.സി.ടി. പതിപ്പുകള്‍ക്ക് 14.99 ലക്ഷം രൂപ മുതല്‍ 17.69 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.

Top