ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ മോഡലുകള്‍ അവതരിപ്പിക്കാന്‍ കിയ ഇന്ത്യ

2022-ൽ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ മോഡലുകള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ  എന്ന് റിപ്പോര്‍ട്ട്.  കിയ ഇന്ത്യ നിലവിൽ സെൽറ്റോസ്, സോനെറ്റ്, കാർണിവൽ ആഡംബര എംപിവി തുടങ്ങിയ ജനപ്രിയ മോഡലുകൾ ഇവിടെ വിൽക്കുന്നുണ്ട്. എന്നാൽ അടുത്തത് ഒരു എംപിവി ആയിരിക്കാം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിൽ KY എന്ന കോഡ്‌നാമമുള്ള ഈ വാഹനത്തിന്‍റെ പണിപ്പുരയിലാണ് കിയ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യൻ വിപണിയിൽ വലിയ വാഹനങ്ങളോടുള്ള വർദ്ധിച്ചുവരുന്ന ഇഷ്‍ടം കിയയെ ആകര്‍ഷിക്കുന്നുണ്ട്. കമ്പനി ഇതിനകം ഇവിടെ കാർണിവൽ വിൽക്കുന്നുണ്ടെങ്കിലും, ഇത് കൂടുതൽ പ്രീമിയം ഉൽപ്പന്നമാണെന്നാണ് കമ്പനി ഉദ്യോഗസ്ഥർ പറയുന്നത്. ഇതൊരിക്കലും എണ്ണം കൂട്ടുന്ന ഒരു വാഹനം ആകാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും മറിച്ച് കിയയുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന ഒരു ഉൽപ്പന്നമാണെന്നുമാണ് കിയ ഇന്ത്യ പറയുന്നത്. ഇന്ത്യ ആഗോളതലത്തിൽ കിയയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു വിപണിയാണെന്നും വിൽപ്പനയുടെ അളവ് മാത്രമല്ല, ഉൽപ്പാദന, ആഗോള ഗവേഷണ വികസന കേന്ദ്രമാകാനുള്ള സാധ്യതയും ഇവിടുണ്ടെന്നും കിയ ഇന്ത്യയുടെ എംഡിയും സിഇഒയുമായ ടെ-ജിൻ പാർക്ക് പറയുന്നു

അതിനാൽ, പുതിയ ഉൽപ്പന്നം രണ്ടും തമ്മിലുള്ള സന്തുലിതാവസ്ഥയായിരിക്കാമെന്നും അതേസമയം കമ്പനിയുടെ വിൽപ്പന കണക്കുകൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നതായിരിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.  മൂന്ന് നിരകളുള്ള വാഹനം ഡിസംബറിൽ അനാച്ഛാദനം ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു.  പിന്നാലെ 2022 ലെ ഒന്നാം പാദത്തിൽ ഔദ്യോഗിക ലോഞ്ച് നടക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. “കിയ ഇന്ത്യ അതിന്റെ പുതിയ ഉൽപ്പന്നമായ KY 2022 ആദ്യ പാദത്തിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും KY ഉപയോഗിച്ച്, കമ്പനിയുടെ ബിസിനസും പ്രവർത്തനങ്ങളും ഏകീകരിക്കുമെന്നും കമ്പനിയുടെ ഇന്ത്യയിലെ അടുത്ത വളർച്ചാ ഘട്ടം ആരംഭിക്കുമെന്നും പാർക്ക് വ്യക്തമാക്കുന്നു.

ഇന്ത്യൻ കാർ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രീതി കണ്ടെത്തുന്നതിനായി വലിയ വാഹനങ്ങള്‍ പരീക്ഷിക്കാന്‍ തയ്യാറെടുപ്പ് നടത്തുകയാണ് കിയ. പുതിയ സെഗ്‌മെന്റുകൾ തുറക്കുക എന്ന ആശയവും ചിലപ്പോള്‍ കമ്പനി പരീക്ഷിച്ചേക്കും.  ഈ വർഷം ആദ്യം ഇന്ത്യയിൽ അൽകാസർ ത്രീ-വരി എസ്‌യുവി പുറത്തിറക്കിയപ്പോൾ സഹോദര കമ്പനിയായ ഹ്യുണ്ടായിയും സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു.

എന്നാൽ എസ്‌യുവികൾ ഇവിടെ ജനപ്രിയാമകുന്ന സമയത്ത് കിയയ്ക്ക് ഒരു എംപിവി ബോഡി ടൈപ്പ് ഉപയോഗിച്ച് വിജയിക്കാനാകുമോ എന്നാണ് ഇന്ത്യന്‍ വാഹന ലോകം ഉറ്റുനോക്കുന്നത്. കിയ ക്യാമ്പിൽ നിന്നുള്ള വാഹനം ഫീച്ചറുകളാൽ നിറഞ്ഞതായിരിക്കുമെന്നും വരാനിരിക്കുന്ന ഉപഭോക്താക്കളുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതിന് നിരവധി പ്രധാന സ്റ്റൈലിംഗ് ഘടകങ്ങള്‍ നേടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനോടൊപ്പം ഈ ഉൽപ്പന്നത്തിന് പെട്രോൾ, ഡീസൽ എഞ്ചിനുകൾ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. വരാനിരിക്കുന്ന കിയ വാഹനം മാരുതി സുസുക്കി എർട്ടിഗ, XL6 എന്നിവയെ നേരിടുമെന്ന് പ്രതീക്ഷിക്കുന്നു.

Top