വാഹനവിപണി കീഴടക്കി കിയ; സെല്‍റ്റോസിനു ശേഷമെത്തുന്നത് ഗ്രാന്‍ഡ് കാര്‍ണിവല്‍

ന്ത്യന്‍ വാഹന വിപണിയില്‍ വളരെ കുറച്ച് സമയം കൊണ്ടു തന്നെ മികച്ച സ്വീകരണം നേടിയെടുത്ത വാഹനമാണ് കിയയുടെ സെല്‍റ്റോസ്. എസ്.യു.വി ശ്രേണിയിലെ കിയയുടെ ആദ്യ വാഹനം തന്നെ മികച്ച പ്രതികരണങ്ങളാണ് നേടിയിരുന്നത്.

സെല്‍റ്റോസിന്റെ ബുക്കിങ് തുടങ്ങി ആദ്യ ദിവസം തന്നെ ലഭിച്ചിരുന്നത് 6,000ത്തിലധികം ബുക്കിങുകളാണ്. ആദ്യ മാസത്തെ വില്‍പനയാകട്ടെ 6,236 യൂണിറ്റും. ഇതുവരെ വാഹനത്തിന് ലഭിച്ചിരിക്കുന്നത് അരലക്ഷത്തിലധികം ബുക്കിങുകളാണ്. മാത്രമല്ല സെല്‍റ്റോസിന്റെ വരവിനു ശേഷം കിയയുടെ അടുത്ത വാഹനത്തിനായുള്ള കാത്തിരിപ്പിലാണ് വാഹനപ്രേമികള്‍.

അടുത്ത ഓട്ടോ എക്‌സ്‌പോയില്‍ തങ്ങളുടെ പുതിയ പുതിയ എം.പി.വി വാഹനം കിയ അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ഓരോ ആറു മാസത്തിലും കിയയുടെ പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇതിന്റെ ഭാഗമായി എം.പി.വി വാഹനത്തിനു ശേഷം പ്രീമിയം എസ്.യു.വി വിഭാഗത്തിന്‍പ്പെട്ട ഗ്രാന്‍ഡ് കാര്‍ണിവല്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കിയ. ഫോര്‍ച്യൂണറിന്റെ എതിരാളിയായിട്ടാണ് ഗ്രാന്‍ഡ് കാര്‍ണിവലിനെ കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

പ്രീമിയം എം.പി.വി സെഗ്മെന്റ് സൃഷ്ടിക്കാനാവും ഗ്രാന്‍ഡ് കാര്‍ണിവല്ലിലൂടെ കിയ ശ്രമിക്കുന്നത്. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് വാഹനത്തിനു ലഭിച്ചത്. അഞ്ചു വാതിലുള്ള എം.പി.വിയായ ഗ്രാന്‍ഡ് കാര്‍ണിവല്‍ വിദേശ വിപണികളില്‍ ഏഴ്, എട്ട്, ഒന്‍പത്, 11 സീറ്റ് ക്രമീകരണങ്ങളോടെ വില്‍പനയ്ക്കുണ്ട്. മികച്ച യാത്രാസുഖം ഉറപ്പാക്കാന്‍ ഇന്ത്യയില്‍ ഏഴു സീറ്റുള്ള പതിപ്പാണു കിയ പരിഗണിക്കുന്നത്. മധ്യ നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഉള്‍വലിയുന്ന വിധത്തിലുള്ള ഫുട്‌റസ്റ്റുമൊക്കെയുള്ള പതിപ്പും ഗ്രാന്‍ഡ് കാര്‍ണിവലിനുണ്ട്.

ഇരട്ട സണ്‍റൂഫ്, മൂന്നു മേഖലയായി തിരിച്ച ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്രണ്ട് കര്‍ട്ടന്‍ എയര്‍ബാഗ്, മള്‍ട്ടിപ്പിള്‍ യു.എസ്.ബി ചാര്‍ജിങ് പോര്‍ട്ട് തുടങ്ങിയവയോടെ എത്തുന്ന ഗ്രാന്‍ഡ് കാര്‍ണിവലിന് 20 ലക്ഷം രൂപ മുതലാവും വില. ഇന്ത്യയില്‍ ഡീസല്‍ എന്‍ജിനോടെ മാത്രമാവും വാഹനം എത്തുക. 200 ബി.എച്ച്.പി കരുത്ത് സൃഷ്ടിക്കുന്ന, 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്.

Top