ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ കിയ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവരുന്ന ആദ്യ കാറായ സെല്‍റ്റോസ് ബുക്കിങ് ജുലായ് മുതല്‍ ആരംഭിക്കും. ഓഗസ്റ്റ് മാസം കിയ സെല്‍റ്റോസിനെ വിപണിയില്‍ പ്രതീക്ഷിക്കാം. 11 ലക്ഷം മുതല്‍ 16 ലക്ഷം രൂപ വരെ കിയ സെല്‍റ്റോസിന് വിപണിയില്‍ വില പ്രതീക്ഷിക്കാം.
പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലാമ്പുകളാണ് എസ്യുവിക്ക് ലഭിക്കുന്നത്. കിയയുടെ പതിവ് ടൈഗര്‍ നോസ് ഗ്രില്ല് സെല്‍റ്റോസും പങ്കിടുന്നു. ഡെയ്ടൈം റണ്ണിങ് ലൈറ്റുകള്‍ക്ക് കീഴിയുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ സെല്‍റ്റോസിന് പക്വത സമര്‍പ്പിക്കും.
ഹെഡ്സ് അപ്പ് ഡിസ്പ്ലേ, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എട്ടു സ്പീക്കര്‍ ബോസ് ഓഡിയോ സംവിധാനം, എയര്‍ പ്യൂരിഫയര്‍, 360 ഡിഗ്രി ക്യാമറ, പിന്‍ സണ്‍ഷേഡ് കര്‍ട്ടന്‍, 7.0 ഇഞ്ച് വലുപ്പമുള്ള TFT ഡിസ്പ്ലേ എന്നിവയെല്ലാം കിയ സെല്‍റ്റോസിന്റെ പ്രധാന വിശേഷങ്ങളാണ്.
മൂന്നു എഞ്ചിന്‍ ഓപ്ഷനുകള്‍ കിയ എസ്യുവിയിലുണ്ട്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ യൂണിറ്റുകള്‍ സെല്‍റ്റോസില്‍ തിരഞ്ഞെടുക്കാം. എസ്യുവിയുടെ പ്രകടനക്ഷമത കൂടി ജിടി ലൈന്‍ വകഭേദത്തിനൊപ്പം മാത്രമേ 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുകയുള്ളൂ.
മാനുവല്‍ ഗിയര്‍ബോക്സ് ഉള്‍പ്പെടെ നാലു വ്യത്യസ്ത ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ സെല്‍റ്റോസിലുണ്ട്. ഓട്ടോമാറ്റിക് വേണമെന്നുള്ളവര്‍ക്ക് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍, സിവിടി, ഇരട്ട ക്ലച്ച് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ കമ്പനി സമര്‍പ്പിക്കും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.