സൗത്ത് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയുടെ കാറുകള്‍ അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യന്‍ വിപണിയിലേക്കെത്തുമെന്ന് അറിയിച്ചതിനുപിന്നാലെ പ്രീമിയം ശ്രേണിയിലുള്ള വാഹനങ്ങള്‍ മാത്രമായിരിക്കും കിയ പുറത്തിറക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍.
വാഹനത്തിന്റെ ഭാരിച്ച ഉത്പാദന ചിലവ് പരിഗണിച്ച് ചെറുകാറുകളുടെ ശ്രേണിയിലേക്ക് വാഹനം എത്തിക്കുന്നത് പ്രായോഗികമല്ലെന്നാണ് കിയയുടെ വിശദീകരണം. ചെറുകാറുകളുടെ വിപണിയില്‍ മാരുതിയുടെ വാഹനങ്ങളോട് മത്സരിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നാണ് കിയ ഇന്ത്യയുടെ മേധാവി പറയുന്നത്. അതുകൊണ്ടാണ് പ്രീമിയം കാറുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.
എസ്‌യുവിയിലൂടെ ഇന്ത്യന്‍ നിരത്തിലെത്തുന്ന കിയ, പിന്നാലെ ഫോര്‍ മീറ്റര്‍ സെഡാനും പുറത്തിറക്കുമെന്നാണ് വിവരം. എസ്പി2 എന്ന് കോഡ് നമ്പര്‍ നല്‍കിയിരിക്കുന്ന കിയയുടെ ആദ്യ എസ്‌യുവി 2019 പകുതിയോടെ നിരത്തിലെത്തും. ഇതിനു പിന്നാലെ ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഇണങ്ങുന്ന പ്രീമിയം സെഡാനും എത്തിക്കും. എന്നാല്‍, രാജ്യന്തര വിപണിയിലുള്ള കിയ മോഡലുകള്‍ ഇന്ത്യയില്‍ എത്തിക്കില്ല.