രണ്ട് അഴകുകൾ ഒരൊറ്റ ഫ്രെയിമിൽ ഇതിൽ ആദ്യം ആരെ നോക്കണം എന്ന ആശയക്കുഴപ്പത്തിലാകും ഈ ചിത്രം കാണുന്ന ആരാധകർ. വാഹന ലോകത്തെ അഴകായ ‘ഔഡി എ8’ സ്വന്തമാക്കിയിരിക്കുകയാണ് കിയാര അദ്വാനി.
തങ്ങളുടെ വാഹനലോകത്തേക്ക് കിയാരയെ ക്ഷണിച്ചുകൊണ്ട് താരം പുതിയ വാഹനം സ്വന്തമാക്കിയ വിവരം ഔഡി ഇന്ത്യയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഔഡി ഇന്ത്യ മേധാവി ബൽബീർ സിങ് ദില്ലന്റെ കൈയിൽ നിന്നാണ് കിയാര പുതിയ വാഹനത്തിന്റെ താക്കോൽ സ്വീകരിച്ചത്.
ഔഡിയുടെ ഏറ്റവും മികച്ച ആഡംബര സെഡാനാണ് എ8എൽ 55 ക്വാഡ്രോ. 2995 സിസി പെട്രോൾ എൻജിനാണ് വാഹനത്തിൽ. 340 പിഎസ് കരുത്തും 500 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 5.7 സെക്കൻഡ് മാത്രം മതി ഈ കരുത്തന്. ഏകദേശം 1.58 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.