ബെംഗളൂരു: കിച്ച സുദീപിന്റെ സിനിമ ‘കൊട്ടിഗൊബ്ബ 3’യുടെ റിലീസ് വൈകുന്നതില്‍ ക്ഷുഭിതരായി ആരാധകര്‍. വ്യാഴാഴ്ചയായിരുന്നു സിനിമ റിലീസിന് എത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നുത്. എന്നാല്‍ സിനിമ എത്തിയില്ല. ഇതോടെ ആരാധകര്‍ ക്ഷുഭിതരാകുകയായിരുന്നു.
റിലീസിങ് വൈകുന്നതില്‍ കിച്ച സുദീപും നിര്‍മാതാവും ആരാധകരോട് മാപ്പ് പറഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം സിനിമ വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിക്കുന്നത്. വിതരണക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് വിതരണം വൈകാന്‍ കാരണമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
തിയറ്ററുകള്‍ക്ക് മുഴുവന്‍ സീറ്റിലും കാഴ്ചക്കാരെ അനുവദിച്ച ശേഷം തിയേറ്ററിലെത്തുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് കൊട്ടിഗൊബ്ബ 3. റിലീസിങ് പ്രതീക്ഷിച്ചതിനാല്‍ രാവിലെ മുതല്‍ സംസ്ഥാനത്തെ തിയേറ്ററുകള്‍ക്ക് മുമ്പില്‍ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു.
റിലീസ് നീട്ടിയ വിവരം അറിഞ്ഞതോടെ ആരാധകര്‍ ബഹളം വച്ചു. വിജയപുരയിലെ ഡ്രീം ലാന്‍ഡ് തിയേറ്ററിന് നേരെ ആരാധകര്‍ കല്ലെറിയുകയും തിയേറ്ററിന്റെ ഗ്ലാസുകള്‍ തകര്‍ക്കുകയും ചെയ്തു. ചാമരാജനഗര ജില്ലയിലെ കൊല്ലേഗലിലെ കൃഷ്ണ തീയറ്ററിന് മുന്നില്‍ ആരാധകര്‍ പ്രതിഷേധ പ്രകടനം നടത്തി.
ബെംഗളൂരു, ഷിമോഗ, ഹുബ്ലി, ധാര്‍വാഡ്, ബെല്‍ഗാം എന്നിവിടങ്ങളിലെ തിയേറ്ററുകള്‍ക്ക് മുന്നിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും മുദ്രാവാക്യം വിളികളുമായി ആരാധകര്‍ രോഷം പ്രകടിപ്പിച്ചു.