ഭോപ്പാല്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് സഹയാത്രികനെ യുവാവ് തള്ളിയിട്ട് കൊലപ്പെടുത്തി. കാമയാനി എക്‌സ്പ്രസില്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിന്റെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന റിതേഷാണ് മരിച്ചത്.
രാജ്മാല്‍ പാല്‍ എന്ന രജ്ജു ടോയ്‌ലറ്റില്‍ നിന്ന് പുറത്തേക്ക് വന്നയുടന്‍ വാതില്‍പ്പടിയിലിരുന്ന റിതേഷിനെ പുറത്തേയ്ക്ക് തള്ളിയിടുകയായിരുന്നു. പുറത്തുവീണ റിതേഷ് തല്‍ക്ഷണം മരിച്ചു. നഗരാതിര്‍ത്തിയിലുള്ള സുഖി സേവാനിയ സ്റ്റേഷന് സമീപം തിങ്കളാഴ്ചയാണ് സംഭവം.
കല്ല്യാണത്തിന് പങ്കെടുക്കാനായി ഭോപ്പാലിലേക്ക് വരികയായിരുന്നു റിതേഷും സുമിതും. ഇരുവരും ഒരുമിച്ചാണ് വാതില്‍പ്പടിയില്‍ ഇരുന്നിരുന്നത്. ഇതിനിടയിലാണ് രജ്ജു റിതേഷിനെ തള്ളിയിട്ടത്. അമ്മയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്ത ശേഷം അലഹബാദില്‍ നിന്ന് മടങ്ങുകയായിരുന്നു രജ്ജു.
‘ഞാനെന്തായാലും മരിക്കും അതുകൊണ്ട് നിന്നേയും കൊന്നേക്കാം’ തള്ളിയിടുന്നതിന് മുന്‍പ് യുവാവ് റിതേഷിനോട് പറഞ്ഞതായി സഹയാത്രികനായ സുമിത് പറഞ്ഞു. റിതേഷും രജ്ജുവും തമ്മില്‍ മുന്‍പരിചയമില്ലെന്നും ട്രെയിനില്‍ നിന്ന് തള്ളിയിടത്തക്ക സംഭവമൊന്നും നടന്നിട്ടില്ലെന്നും സുമിത് കൂട്ടിചേര്‍ത്തു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.