ദുബായ്: ഓടുന്ന കാറില്‍ ‘കീകി, ഡു യു ലവ് മീആര്‍ യു റൈഡിങ് ‘ എന്ന് പാടിത്തുടങ്ങുമ്പോള്‍ കാറില്‍ നിന്ന് ഇറങ്ങുകയും വാതില്‍ തുറന്ന രീതിയില്‍ പതിയെ ഓടിക്കൊണ്ടിരിക്കുന്ന കാറിനൊപ്പം ചലിച്ച് നൃത്തം ചെയ്യുന്ന ചലഞ്ച് വൈറലാവുന്നു. കീകി ചാലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് അബുദാബി ട്രാഫിക് പെട്രോള്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. ഇത്തരത്തില്‍ നൃത്തം ചെയ്യുന്ന വീഡിയോ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് .
അപകടം സംഭവിച്ചാല്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണി നേരിടുന്നതിനാലാണ് അധികൃതര്‍ ചലഞ്ചിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത് . ഇത്തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത മൂന്ന് സമൂഹ മാധ്യമ ഉപയോക്താക്കളെ അറസ്റ്റ് ചെയ്യാന്‍ അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടു. മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നതോടൊപ്പം ഈ നൃത്തം പൊതു ധാര്‍മികത ലംഘിക്കുന്നതായും പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈജിപ്റ്റില്‍ നേരത്തെ കീകി ചലഞ്ച് നിരോധിച്ചിരുന്നു. കീകി ചലഞ്ചി ല്‍ പങ്കെടുക്കുന്നവര്‍ക്ക് 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റും ശിക്ഷ ലഭിക്കും. കാര്‍ കണ്ടുകെട്ടുകയും ചെയ്യും. ഇത്തരം സാഹസികതക്കിടെ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ മരണം സംഭവിക്കുകയോ ചെയ്താല്‍ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും.
കുവൈറ്റിലും ഓടുന്ന വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി നടത്തുന്ന കീകി ഡാന്‍സ് ചലഞ്ചിനെതിരെ ഗതാഗതവകുപ്പ് മുന്നറിയിപ്പ് നല്‍കി. കീകി ചലഞ്ച് നടത്തുന്നവര്‍ക്ക് മൂന്നു മാസം തടവും 100 ദിനാര്‍ പിഴ ശിക്ഷയുമാണ് ലഭിക്കുക. വാഹനം രണ്ടുമാസത്തേക്കു കസ്റ്റഡിയില്‍ വെയ്ക്കുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി.