ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് സെപ്റ്റംബര്‍ 12ന് കിക്കോഫ് ആവും

ലണ്ടന്‍: മെയ് 23ന് അവസാനിക്കുന്ന അടുത്ത സീസണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് സെപ്റ്റംബര്‍ 12ന് കിക്കോഫ് ആവും. ഞായറാഴ്ചയാണ് ഈ സീസണിലെ അവസാന റൗണ്ട് മത്സരങ്ങള്‍ നടക്കുന്നത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഈ സീസണില്‍ മാര്‍ച്ച് മുതല്‍ മൂന്ന് മാസത്തോളം മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.

ജൂണ്‍ 17നാണ് വീണ്ടും മത്സരങ്ങള്‍ പുനരാരംഭിച്ചത്. രണ്ട് സീസണുകള്‍ക്കിടക്ക് ഏഴാഴ്ചത്തെ വിശ്രമം ആണ് താരങ്ങള്‍ക്ക് ലഭിക്കുക. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വരും സീസണിലും അഞ്ച് പകരക്കാരെ ഇറക്കാമെന്ന നിര്‍ദേശം പ്രീമിയര്‍ ലീഗില്‍ തുടരും. ജൂണില്‍ ലീഗ് പുനരാരംഭിച്ചപ്പോള്‍ കാണികളെ പ്രവേശിപ്പിക്കാതെയാണ് മത്സരങ്ങള്‍ നടത്തിയതെങ്കിലും പുതിയ സീസണില്‍ കാണികളെ പ്രവേശിപ്പിച്ച് മത്സരം നടത്താനാകുമെന്നാണ് അധികതൃരുടെ പ്രതീക്ഷ.

എന്നാല്‍ ഒക്ടോബര്‍ വരെയുള്ള മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ തന്നെ നടത്തേണ്ടിവരുമെന്ന സൂചനയാണ് ബ്രട്ടീഷ് സര്‍ക്കാര്‍ നല്‍കുന്നത്. നിലവിലെ സീസണില്‍ ലിവര്‍പൂള്‍ ചാംപ്യന്‍ഷിപ്പ് നേടിക്കഴിഞ്ഞെങ്കിലും ഞായറാഴ്ച നടക്കുന്ന അവസാന റൗണ്ട് പോരാട്ടം പല വമ്പന്‍ ടീമുകള്‍ക്കും ഏറെ നിര്‍ണായകമാണ്.

ലീഗില്‍ നിന്ന് ആരൊക്കെ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടുമെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ലെസ്റ്റര്‍ എന്നിവര്‍ക്കാണ് യോഗ്യത നേടാന്‍ അവസരം. ലീഗില്‍ ഒരു മത്സരം മാത്രമാണ് ഇനി ശേഷിക്കുന്നത്. 37 മത്സരങ്ങളില്‍ 63 പോയിന്റുമായി യുനൈറ്റഡ് മൂന്നാമതാണ്. ഇത്രയും പോയിന്റുള്ള ചെല്‍സി നാലാം സ്ഥാനത്തും 62 പോയിന്റുള്ള ലെസ്റ്റര്‍ അഞ്ചാമതും നില്‍ക്കുന്നു.

Top