ന്യൂഡൽഹി: സീസണിൽ നാല് സൂപ്പർസീരീസ് കിരീടം നേടിയ ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് മറ്റൊരു നേട്ടത്തിന് കുടി അർഹനായി.
ലോക ബാഡ്മിന്റൺ (ബിഡബ്ല്യുഎഫ്) റാങ്കിംഗിൽ ശ്രീകാന്ത് രണ്ടാം സ്ഥാനത്തെത്തി.
കരിയറിലെ ഏറ്റവും മികച്ച നേട്ടമാണ് ശ്രീകാന്ത് കുറിച്ചിരിക്കുന്നത്.
നിലവിൽ നാലാം സ്ഥാനത്തായിരുന്നു ശ്രീകാന്ത് കിടിലൻ വിജയങ്ങൾക്കൊടുവിലാണ് പുതിയ നേട്ടം കൈവരിച്ചത്.
ഫ്രഞ്ച് ഓപ്പണ്‍ , ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഡെന്മാര്ക്ക് ഓപ്പണ്‍ എന്നി നാല് സൂപ്പര്‍ സീരീസ് കിരീടങ്ങൾ ശ്രീകാന്ത് ഈ വർഷം നേടി.
2015 ജൂണിൽ മൂന്നാം റാങ്കിലെത്തിയതാണ് ഇതുവരെയുള്ള മികച്ച നേട്ടം. ചൈനീസ് താരം ലിൻഡാനെയും കൊറിയൻ താരം സൺവാൻ ഹോയെയും പിന്തള്ളിയാണ് ശ്രീകാന്ത് രണ്ടാംസ്ഥാനത്തെത്തിയത്.
നേരത്തെ ശ്രീകാന്തിനെ പത്മശ്രീ പുരസ്കാരത്തിനു ശിപാർശ ചെയ്തിരുന്നു. പാർലമെന്ററികാര്യമന്ത്രി വിജയ് ഗോയലാണ് ശ്രീകാന്തിനെ പത്മശ്രീ പുരസ്കാരത്തിനു ശിപാർശ ചെയ്തത്.