പെണ്‍മക്കളില്ലെന്ന വിഷമം; കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി; പെണ്‍കുട്ടികളെ കടത്തിക്കൊണ്ട് വന്ന് ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ കൃഷ്ണ ദത്ത് തിവാരി (40) യാണ് പൊലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളെയാണ് ഇയാള്‍ തട്ടിക്കൊണ്ട് വന്ന് സ്വന്തം വീട്ടില്‍ പാര്‍പ്പിച്ചത്. പെണ്‍മക്കള്‍ വേണമെന്ന ആഗ്രഹം മൂലമാണ് ഇരുവരെയും തട്ടിക്കൊണ്ട് വന്നതെന്നും, തനിക്ക് 12 ഉം 14ഉം വയസുള്ള രണ്ട് ആണ്‍മക്കള്‍ മാത്രമാണുള്ളതെന്നും തിവാരി മൊഴി നല്‍കി.

എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിവാരി പിടിയിലായത്. തന്നെ ഒരു പബ്ലിക് ടോയ്‌ലറ്റില്‍ നിന്ന് ഒരാള്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നെന്ന് തിവാരിയുടെ വീട്ടില്‍ നിന്നും രക്ഷപെട്ട പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയെ ഇയാള്‍ തിരിച്ചുകൊണ്ടവിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

ഇതോടെ പൊലീസ് യുവാവിനെ പിടികൂടുകയായിരുന്നു. രണ്ടുമാസം മുമ്പ് മറ്റൊരു എട്ടുവയസുകാരിയേയും താന്‍ തട്ടിക്കൊണ്ട് പോയതായി ഇയാള്‍ പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്. എന്നാല്‍ താന്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചിട്ടില്ലെന്നും പെണ്‍മക്കള്‍ ഇല്ലാത്ത വിഷമം തീര്‍ക്കാനാണ് തട്ടിക്കൊണ്ട് പോയതെന്നും ഇയാള്‍ പറഞ്ഞു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ മറ്റ് താല്‍പ്പര്യങ്ങളില്ലെന്ന് പൊലീസും സ്ഥിരീകരിച്ചു.

Top