കാരണം അജ്ഞാതം; തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഗവര്‍ണര്‍ തിരികെയെത്തി

MUHAMMED

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ പെഷാവറില്‍ നിന്നും തട്ടിക്കൊണ്ടുപോയ അഫ്ഗാനിസ്ഥാന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഖാസി മുഹമ്മദ് നബി അഹമ്മദിനെ തീവ്രവാദികള്‍ വെറുതെ വിട്ടു. കഴിഞ്ഞ ഒക്ടോബറിലാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്.

ഖാസി മുഹമ്മദ് നബി എങ്ങനെ രക്ഷപ്പെട്ടു തിരിച്ചെത്തിയെന്നുള്ളത് ഇപ്പോഴും വ്യക്തമല്ല. അദ്ദേഹത്തോടൊപ്പം സഹോദരന്‍ ഹബീബുള്ളയേയും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. എന്നാല്‍ അദ്ദേഹത്തിനെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭ്യമായിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അഹമ്മദിയുടെ തിരിച്ചുവരവ് യാഥാര്‍ഥ്യമാണെന്ന് അഫ്ഗാനിസ്ഥാനിലെ അംബാസഡര്‍ സര്‍ദശാസ് ഷാംസ് സ്ഥിരീകരിച്ചു. അതേ സമയം തട്ടിക്കൊണ്ടുപോയവരെ കുറിച്ചും, തട്ടിക്കൊണ്ടുപോകലിന്റെ കാരണവും വ്യക്തമല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാകിസ്താന്‍ പത്രമായ ഡോണിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

വൈദ്യ ചികിത്സയുടെ ഭാഗമായുള്ള രഹസ്യ യാത്രക്കിടെയാണ് ഗവര്‍ണറെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. സര്‍ക്കാര്‍ അധികൃതര്‍ അറിയാതെ നടത്തിയ യാത്രയായതിനാല്‍ സര്‍ക്കാരിനും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല. അഹമ്മദിയെ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഒരു തീവ്രവാദ ഗ്രൂപ്പും മുന്നോട്ട് വന്നിരുന്നുമില്ല. അതുകൊണ്ടു തന്നെ ഇദ്ദേഹത്തിന്റെ മോചനവും അസാധ്യമായിരുന്നു

എന്നാല്‍, കുനറിലെ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പിനെതിരായ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി നടത്തിയ രഹസ്യ ഓപ്പറേഷന്റെ ഭാഗമാണ് ഈ തട്ടിക്കൊണ്ടുപോകലെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ, അക്രമികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നല്‍കിയോ ഇല്ലയോ എന്നതും ഇപ്പോഴും അജ്ഞാതമാണ്.

അതുപോലെ തന്നെ അഫ്ഗാനിസ്ഥാനിലെ ഹോറാത്ത് പ്രവിശ്യയിലെ ഗവര്‍ണറും ഇസ്ലമാബാദില്‍ നിന്ന് തട്ടിക്കൊണ്ടു പോയിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ പിന്നീട് മര്‍ദാന്‍ ജില്ലയില്‍ നിന്നും കണ്ടെത്തിയിരുന്നു.

Top