തിരുവനന്തപുരം : സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടിലെ തെറ്റുകള്‍ ഒഴിവാക്കാമായിരുന്നുവെന്ന് കിഫ്ബി സി.ഇ.ഒ കെ.എം.ഏബ്രഹാം. കിഫ്ബിയുടെ വായ്പ സംസ്ഥാനത്തിന്റെ ബാധ്യതയാകുമെന്നു പറഞ്ഞത് തെറ്റിദ്ധാരണ പരത്തുകയാണ്.
നബാര്‍ഡില്‍ നിന്നെടുത്ത വായ്പ സംസ്ഥാനത്തിന്റെ ധനകാര്യ കണക്കില്‍ വരില്ലെന്ന കാര്യം ധനകാര്യത്തിന്റെ ബാലപാഠം അറിയാവുന്നവര്‍ക്ക് പോലും മനസിലാകുമെന്നും കെ.എം.ഏബ്രഹാം പ്രതികരിച്ചു.
കഴിഞ്ഞ ദിവസവും നിയമസഭയില്‍ വച്ച സിഎജി റിപ്പോര്‍ട്ടില്‍ കിഫ്ബിയെ പരാമര്‍ശിച്ച ഭാഗത്തെ തെറ്റുകള്‍ കെ.എം.ഏബ്രഹാം ചൂണ്ടിക്കാട്ടിയിരുന്നു. 2017-18ല്‍ 444 കോടി കിഫ്ബി ചെലവഴിച്ചപ്പോള്‍ സി.എ.ജിയുടെ കണക്കിലുള്ളത് 47 കോടി മാത്രമാണ്. ഇതെങ്ങനെ സംഭവിച്ചെന്ന് മനസിലാകുന്നില്ല. കിഫ്ബി വഴിയുള്ള ചെലവ് ധനകാര്യ അക്കൗണ്ടില്‍ വന്നില്ലെന്ന വാദവും തെറ്റാണ്. നബാര്‍ഡില്‍ നിന്നെടുത്ത 100 കോടിയുടെ വായ്പ സംസ്ഥാനത്തിന്റെ ധനകാര്യ കണക്കില്‍ വന്നില്ലെന്ന ആക്ഷേപവും ശരിയല്ല. കിഫ്ബിയുടെ വായ്പ സര്‍ക്കാരിന്റെ കണക്കില്‍ വരേണ്ടതല്ലന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ടിലെ ഓഫ് ബജറ്ററി ബോറോവിങ്‌സ് എന്ന പാരഗ്രാഫില്‍ കിഫ്ബിയെ മാത്രം എടുത്തുപറഞ്ഞത് തെറ്റിദ്ധാരണപരത്തലാണ്. റിപ്പോര്‍ട്ട് തയ്യാറാക്കും മുമ്പ് സി.എ.ജി കിഫ്ബിയോട് വിശദീകരണം തേടിയിട്ടില്ല.
റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ സംഭവിച്ചതാണെങ്കിലും ഈ പിഴവുകള്‍ സി.എ.ജിക്ക് ഒഴിവാക്കാമായിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടിലെ തെറ്റുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ വഴി സിഎജിയെ സമീപിക്കുമെന്നും കെ.എം.ഏബ്രഹാം വ്യക്തമാക്കി.