തീരദേശ ഹൈവേ നിര്‍മ്മിക്കാന്‍ കിഫ്ബി തന്നെ സ്ഥലവും ഏറ്റെടുക്കുമെന്ന് മന്ത്രി

sudhakaran

തിരുവനന്തപുരം: തീരദേശ ഹൈവേ നിര്‍മ്മാണത്തിന് കിഫ്ബി നേരിട്ട് ഭൂമി ഏറ്റെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. കിഫ്ബിയില്‍ നിന്നും വായ്പയെടുത്തുള്ള പൊതുമരാമത്ത് നിര്‍മ്മാണങ്ങള്‍ക്ക് കിഫ്ബി നേരിട്ട് ഭൂമി ഏറ്റെടുക്കും എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.

റവന്യൂ വകുപ്പ് സ്ഥലമേറ്റെടുത്ത് നല്‍കുന്നതിലെ കാലതാമസം കാരണം കിഫ്ബി വായ്പ ഉപയോഗിച്ചുള്ള മലയോര-തീര ദേശറോഡ് നിര്‍മ്മാണം വൈകുകയാണ്. ഇതു പരിഹരിക്കാനാണ് പുതിയ സംവിധാനം. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരെയും വിരമിച്ച ഉദ്യോഗസ്ഥരും ഉള്‍പ്പെടുത്തി നാല് യൂണിറ്റുകള്‍ ഉണ്ടാക്കും. ഈ സംഘമായിരിക്കും ഭൂമി ഏറ്റെടുക്കുക.

മൂന്നു വര്‍ഷത്തിനുള്ളില്‍ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ധാരണയായിട്ടുണ്ട്. കിഫ്ബി ഉദ്യോഗസ്ഥരുടെയും പാത കടന്നുപോകുന്ന സ്ഥലത്തെ ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. രണ്ട് മീറ്റര്‍ സൈക്കിള്‍ പാത ഉള്‍പ്പെടെ 14 മീറ്ററാണ് പാതയുടെ വീതി. 9 ജില്ലകളിലൂടെ കടന്നുപോകുന്ന പാതക്ക് 600 കിലോ മീറ്ററാണ് നീളം. 6500 കോടിയാണ് ചെലവ്.

Top