കിഫ്ബി മസാല ബോണ്ട് കേസ്; ഇഡി അന്വേഷണത്തില്‍ പ്രതികരിച്ച് തോമസ് ഐസക്

കൊച്ചി: മസാല ബോണ്ടിലെ ഇഡി അന്വേഷണത്തില്‍ പ്രതികരിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ ധനകാര്യമന്ത്രിയുമായ തോമസ് ഐസക്. നിയമലംഘനം കണ്ടെത്താന്‍ വേണ്ടി പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ല. പൗരന്റെ അവകാശം അന്വേഷണ ഏജന്‍സിയുടേത് പോലെ പ്രധാനപ്പെട്ടതാണ്. ഏത് നിയമമാണ് ലംഘിച്ചതെന്ന് ഇഡി പറയണമെന്നും തോമസ് ഐസക് പറഞ്ഞു.

പ്രതിപക്ഷം ഇക്കാര്യത്തില്‍ പ്രസ്താവനകള്‍ ഇറക്കാതിരിക്കുന്നത് എന്ത് കൊണ്ടെന്ന് അറിയില്ല. എടുത്താല്‍ തനിക്ക് അത്ഭുതവും ഉണ്ടാകില്ല. സുപ്രീം കോടതി പറഞ്ഞത് കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരമുള്ള കുറ്റമാണെങ്കില്‍ ഇഡിക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാമെന്നാണ്. എന്നാല്‍ ഫെമ നിയമ പ്രകാരം ഇഡിക്ക് ഇതിന് സാധിക്കില്ല. അതുകൊണ്ട് അറസ്റ്റ് ചെയ്യുമെന്ന് പറയും വിധമുള്ള ഭീഷണികളെ ഭയക്കുന്നില്ല. 2021-22 അപേക്ഷിച്ച് കേരളത്തില്‍ ചിലവ് കൂടിയിട്ടില്ല. വരുമാനം കുറഞ്ഞതിനാലാണ് കേരളത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. കേന്ദ്രം തരുന്നതിലെ ഗണ്യമായ കുറവാണ് പ്രതിസന്ധിയുടെ കാരണമെന്നും തോമസ് ഐസക് പറഞ്ഞു.

‘ഇഡി ചോദിക്കണ്ട രീതിയില്‍ ചോദിക്കട്ടെ. നിയമത്തിന് വിധേയമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ്. നിയമലംഘനം ഉണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാമെന്നാണ് കോടതി പറഞ്ഞത്. ആദ്യം ഏത് നിയമമാണ് ലംഘിച്ചതെന്ന് പറയട്ടെ. ഇതുവരെ പറഞ്ഞിട്ടില്ല. നിയമലംഘനം കണ്ടെത്താനുള്ള അന്വേഷണത്തില്‍ യാതൊരു അര്‍ത്ഥവുമില്ല. അത് സാധുവല്ല. അതിന് വേണ്ടി മനുഷ്യന്‍മാരെ ഹരാസ് ചെയ്യാന്‍ പാടില്ല. ഒന്നര വര്‍ഷമായി ലംഘിച്ച നിയമം ഏതെന്ന് പറയാനായിട്ട് ഇഡിയ്ക്ക് കഴിഞ്ഞിട്ടില്ല’, തോമസ് ഐസക് പറഞ്ഞു.ഇഡി നിയമത്തിന് വിധേയമായി പ്രവര്‍ത്തിക്കണം. വ്യക്തിപരമായ തീരുമാനം ധനമന്ത്രിയും മുഖ്യമന്ത്രിയും എടുക്കുന്നില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. കിഫ്ബി ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനമെടുക്കുന്നത്. ഇഡിയുടെ ചോദ്യങ്ങള്‍ക്ക് കിഫ്ബി നല്‍കിയതിനേക്കാള്‍ കൂടുതല്‍ വിശദീകരണങ്ങള്‍ തനിക്ക് നല്‍കാനാവില്ല. പുതിയ സമന്‍സിലും എന്താണ് നിയമലംഘനം എന്ന് പറഞ്ഞിട്ടില്ല. ഇഡി ബിജെപിയുടെ രാഷ്ട്രീയ ആയുധമാണ്. പുതിയ ഇന്ത്യന്‍ സാഹചര്യങ്ങള കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടെന്നും തോമസ് ഐസക് പ്രതികരിച്ചു.

കൊവിഡ് മൂലമാണ് സംസ്ഥാനങ്ങള്‍ രക്ഷപ്പെട്ടത്. ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട് സിപിഐഎം മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ആണ് നടപ്പാകാന്‍ പോകുന്നത്. ജനങ്ങളെ അണിനിരത്താന്‍ യോജിച്ച് പ്രവര്‍ത്തിക്കാമെന്നാണ് പറഞ്ഞത്. ആ നിലയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ഇന്ത്യ മുന്നണിയില്‍ കേരളത്തില്‍ നിന്ന് നല്ല നിലയില്‍ പ്രതിനിധികള്‍ ഉണ്ടാവും. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചും തോമസ് ഐസക് വ്യക്തമാക്കി. പല പേരുകളും തിരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്ന് വരും. തനിക്ക് ജില്ലയില്‍ രാഷ്ട്രീയ ചുമതലയുണ്ട്. പ്രവാസി സംഘടനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടല്ല നടത്തുന്നതെന്നും തോമസ് ഐസ പറഞ്ഞു.

Top