കിഫ്ബി മസാലബോണ്ട് കേസ്; തോമസ് ഐസക് ഇന്ന് ഇ ഡി ക്ക് മുന്നില്‍ ഹാജരാകില്ല

കൊച്ചി: കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇ ഡി ക്ക് മുന്നില്‍ ഹാജരാകില്ല. സിപിഐഎം സെക്രട്ടറിയേറ്റില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇന്ന് ഹാജരാകാനാകില്ല എന്ന് തോമസ് ഐസക് ഇ ഡിയെ അറിയിക്കുകയായിരുന്നു. മസാല ബോണ്ട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഈ മാസം ഒന്നിനാണ് ഇ ഡി തോമസ് ഐസക്കിന് വീണ്ടും നോട്ടീസ് നല്‍കിയത്. ഇന്ന് രാവിലെ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ നേരിട്ട് ഹാജരാകാനായിരുന്നു നോട്ടീസ്.

നേരത്തെ മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് തെളിവുകളില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ കിഫ്ബി മസാല ബോണ്ട് കേസില്‍ പുതിയ സമന്‍സ് നല്‍കുമെന്ന് ഇ ഡി വ്യക്തമാക്കി. കിഫ്ബി നിയമം ലംഘിച്ചെന്നും ഇ ഡി പറഞ്ഞിരുന്നു. കിഫ്ബിക്കെതിരെ തെളിവുണ്ടെന്ന് ആവര്‍ത്തിക്കുന്ന നിലപാടായിരുന്നു ഹൈക്കോടതി വിധിക്ക് ശേഷവും ഇഡി സ്വീകരിച്ചിരുന്നത്. തെളിവിന്റെ അടിസ്ഥാനത്തില്‍ പുതിയ സമന്‍സ് നല്‍കും, ഹൈക്കോടതി ഉത്തരവ് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നായിരുന്നു ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മുന്‍ മന്ത്രി തോമസ് ഐസക്കിന് ഇഡി ഇപ്പോള്‍ സമന്‍സ് അയച്ചിരിക്കുന്നത്.

സമന്‍സ് ചോദ്യം ചെയ്ത് ഐസക് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നേരത്തേ നല്‍കിയ നോട്ടീസ് ഇ ഡി പിന്‍വലിച്ചിരുന്നു. വ്യക്തിഗതവിവരങ്ങള്‍ ചോദിച്ച് ഇ ഡി ബുദ്ധിമുട്ടിക്കുന്നു എന്ന തോമസ് ഐസക്കിന്റെ ഹര്‍ജിയിലായിരുന്നു നോട്ടീസ് അയക്കുന്നത് വിലക്കിയത്. എന്നാല്‍ അന്വേഷണം തുടരാന്‍ തടസമില്ലെന്നും പുതിയ നോട്ടീസ് ഇ ഡിക്ക് അയയ്ക്കാം എന്നും ഹൈക്കോടതി ഈ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്‍കിയത്. തോമസ് ഐസക്കിനെ ചോദ്യം ചെയ്യാതെ കേസില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ ആകില്ല എന്നതാണ് ഇ ഡി നിലപാട്.

Top