കിഫ്ബിയിൽ സമ്പൂർണ ഓഡിറ്റിംഗിന് അനുമതി നിഷേധിച്ച് സർക്കാർ

തിരുവനന്തപുരം: കിഫ്ബിയിൽ സമ്പൂർണ ഓഡ‍ിറ്റിന് അനുമതിയില്ലെന്ന് വ്യക്തമാക്കി സർക്കാർ സിഎജിക്ക് കത്തയച്ചു. ചട്ടം 20(2) പ്രകാരം ഓഡിറ്റിന് അനുമതി നിഷേധിച്ച് ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സിഎജിക്ക് കത്തു നൽകിയത്.

സമ്പൂർണ ഓഡിറ്റിംഗിന് അനുമതി തേടി നിരവധി തവണ സിഎജി സർക്കാരിന് കത്ത് നൽകിയെങ്കിലും ആദ്യമായാണ് സർക്കാർ മറുപടി നൽകുന്നത്.

ഡിപിസി ആക്ടിലെ 14(1) പ്രകാരമുളള ഓഡിറ്റിംഗ് മതി കിഫ്ബിയിലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ. 20(2) പ്രകാരം സമ്പൂർണ ഓഡിറ്റിഗ് അനുമതി വേണമെന്ന സിഎജിയുടെ ആവശ്യം സർക്കാർ നിരാകരിച്ചു.

ഭീമമായ ഫണ്ട് സമാഹരിക്കുന്ന കിഫ്ബിയിൽ ഡിപിസി ആക്ടിലെ 20(2) പ്രകാരം സമ്പൂർണ ഓഡിറ്റിംഗ് കൂടിയേ തീരൂവെന്നതാണ് സിഎജിയുടെ നിലപാട്. 14(1) പ്രകാരമുളള ഓഡിറ്റിംഗിന് പരിമിതികളുണ്ടെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.

കിഫ്ബിയിൽ സർക്കാരിന്‍റെ ഓഹരി കുറഞ്ഞാൽ ഓഡിറ്റിംഗ് തന്നെ സാധ്യമാവില്ലെന്ന ആശങ്ക സിഎജി സർക്കാരിനു നൽകിയ നാലാമത്തെ കത്തിൽ ചൂണ്ടികാട്ടിയിരുന്നു. സർക്കാർ ഓഹരി കുറഞ്ഞാലും ചട്ടം 14 (2) പ്രകാരം ഓഡിറ്റിംഗ് നടത്താൻ മുൻകൂർ‍ അനുതി നൽകുന്നതായും സർക്കാർ സിഎജിയെ അറിയിച്ചു.

Top