തിരുവനന്തപുരം : കിഫ്ബി മസാല ബോണ്ട് വിഷയത്തില്‍ നിയമസഭയില്‍ പ്രത്യേക ചര്‍ച്ച ആരംഭിച്ചു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മസാലബോണ്ട് കമ്മ്യൂണിസത്തിന്റെ മരണമണിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥന്‍ എംഎല്‍എ ആരോപിച്ചു. മസാല ബോണ്ടിലെ എല്ലാ വ്യവസ്ഥകളും ദുരൂഹമാണെന്നും കിഫ്ബിയുടെ എല്ലാ രേഖകളും മേശപ്പുറത്ത് വെക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ശബരീനാഥന്‍ സഭയില്‍ വ്യക്തമാക്കി.
കിഫ്ബി വെബ്‌സൈറ്റിലും സര്‍ക്കാറിന്റെ മറ്റൊരു സൈറ്റുകളിലും മസാല ബോണ്ടിന്റെ വിവരമില്ല.
എന്നാല്‍, ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണെന്നും ശബരിനാഥന്‍ ചൂണ്ടിക്കാട്ടി. രണ്ടു വര്‍ഷത്തിനിടയില്‍ ലണ്ടന്‍ സ്റ്റോക് എക്‌സ്‌ഞ്ചേഞ്ചില്‍ 49 മസാല ബോണ്ട് പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടിയ നിരക്ക് കിഫ്ബി ബോണ്ടിനാണെന്നും ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.
കിഫ്ബി മസാല ബോണ്ടില്‍ ദുരൂഹതകളുണ്ടെന്ന് ആരോപിച്ച് ഇന്ന് രാവിലെ നിയമസഭയില്‍ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മസാല ബോണ്ടിലെ വ്യവസ്ഥകളില്‍ ദുരൂഹതയുണ്ടെന്നും വ്യവസ്ഥയില്‍ വ്യക്തതയില്ലെന്നുമായിരുന്നു ആരോപണം.