കിഫ്ബി; സി എ ജി ഓഡിറ്റിംഗിനെ എന്തിന് മുഖ്യമന്ത്രി ഭയക്കുന്നുവെന്ന് മുല്ലപ്പള്ളി

Mullapally Ramachandran

തിരുവനന്തപുരം: കിഫ്ബി ഇടപാടുകളെ സംബന്ധിച്ച് ഒളിച്ചു വെയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ സി എ ജി ഓഡിറ്റിംഗിനെ എന്തിനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഭയക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കിഫ്ബിയില്‍ സി എ ജി ഓഡിറ്റിംഗ് നടത്തുവാന്‍ തയ്യാറാണെന്ന് ആര്‍ജ്ജവത്തോടെ പറയാന്‍ ഇവര്‍ തയ്യാറാകാത്തതില്‍ നിന്നും വലിയ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് മനസിലാകുന്നതെന്നും മസാലബോണ്ടുകള്‍ വില്‍പ്പന നടത്തിയ വകയില്‍ എത്ര തുക ഇതു വരെ കിട്ടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യമുന്നയിച്ചു.

ഉയര്‍ന്ന പലിശക്ക് മസാല ബോണ്ട് വിറ്റ് കിട്ടിയ പണം വളരെ കുറഞ്ഞ പലിശനിരക്കില്‍ നിക്ഷേപിച്ചതിലൂടെ കിഫ്ബി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. പലിശയിനത്തില്‍ വായ്പകള്‍ക്കായി കോടി കണക്കിന് രൂപ നല്‍കേണ്ടതുണ്ട്ാ. ഇത് സംസ്ഥാനത്തിനു കനത്ത നഷ്ടമാണ് വരുത്തിയത്. മസാല ബോണ്ടിലൂടെയും നബാര്‍ഡ്, എസ്ബിഐ, ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നും ശരാശരി 9.5 ശതമാനം നിരക്കില്‍ പലിശയ്‌ക്കെടുത്ത പണമാണ് കുറഞ്ഞ നിരക്കില്‍ നിക്ഷേപിച്ച് വലിയ നഷ്ടം വരുത്തുന്നത്, മുല്ലപ്പള്ളി വ്യക്തമാക്കി.

Top