വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചതിന് പിന്നാലെ കടുത്ത വിമര്‍ശനം നേരിടുന്നതിനിടയില്‍ വൈകാരികമായ കുറിപ്പുമായി നടി പൂനം പാണ്ഡെ. തന്നെ വെറുത്താലും വിമര്‍ശിക്കുന്നവര്‍ അവരുടെ പ്രിയപ്പെട്ടവരെ രക്ഷിക്കണമെന്ന് പൂനം പാണ്ഡെ പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ പ്രതികരണം. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഒരു കുറിപ്പും താരം പോസ്റ്റ് ചെയ്തു. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത സെര്‍വിക്കല്‍ കാന്‍സര്‍ രോഗികളുടെ എണ്ണവും മരണപ്പെട്ടവരുടെ കണക്കും കുറിപ്പിലുണ്ട്. സെര്‍വിക്കല്‍ കാന്‍സറിന്റെ ഭീകരത വെളിവാക്കുന്ന പോസ്റ്റാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഇത് പങ്കുവെക്കണമെന്നും പൂനം പാണ്ഡേ പറയുന്നു.
‘എന്നെ കൊല്ലാം, ക്രൂശിക്കാം, വെറുക്കാം, പക്ഷേ നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആരെയെങ്കിലും രക്ഷിക്കൂ’, ബോധവത്കരണ പോസ്റ്റിനൊപ്പം നടി കുറിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ച്ചയായി സാമൂഹിക മാധ്യമത്തിലൂടെ സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് നടി. സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ചുള്ള ആളുകളുടെ അഭിപ്രായവും നടി പങ്കുവെക്കുന്നുണ്ട്.
സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്ന് പൂനം ഒരുദിവസത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. നടിയുടെ പ്രവര്‍ത്തി തെറ്റായ മാതൃകയാണ് നല്‍കുന്നതെന്ന് താരങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനുള്ള തീരുമാനം മികച്ചതാണെങ്കിലും സ്വീകരിച്ച രീതി തെറ്റാണെന്നാണ് കൂടുതല്‍ പേരും പറയുന്നത്.