ഉത്തര്‍പ്രദേശില്‍ വായ്പ തിരിച്ചടച്ചില്ലെന്നാരോപിച്ച് കര്‍ഷകനെ ട്രാക്ടര്‍ ദേഹത്ത് കയറ്റി കൊന്നു

Tractor

സിതാപൂര്‍: ഉത്തര്‍പ്രദേശില്‍ വായ്പയെടുത്ത തുക തിരിച്ചടക്കാത്തതിന്റെ പേരില്‍ കര്‍ഷകനെ ട്രാക്ടര്‍ ദേഹത്ത് ഓടിച്ച് കയറ്റി കൊലപ്പെടുത്തി. കൃഷിയാവശ്യത്തിന് വേണ്ടി അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത ഉത്തര്‍പ്രദേശ് സീതാപൂര്‍ സ്വദേശി ഗ്യാന്‍ ചന്ദ്രയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പണം തിരിച്ചടക്കാത്തതിന്റെ പേരില്‍ ഗ്യാന്‍ ചന്ദ്രയുടെ ട്രാക്ടര്‍ ജപ്തി ചെയ്യാന്‍ എത്തിയ സംഘമാണ് ക്രൂരമായ കൊല നടത്തിയത്.

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗ്യാന്‍ ചന്ദ്ര പണം വായ്പയെടുത്തത്. 1,25,000 രൂപ അദ്ദേഹം തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസമാണ് 35,000 രൂപ അടച്ചത്. എന്നാല്‍ വായ്പയെടുത്ത മുഴുവന്‍ തുക ഒരാഴ്ചക്കുള്ളില്‍ തിരിച്ചടച്ചില്ലെങ്കില്‍ ട്രാക്ടര്‍ ജപ്തി ചെയ്യുമെന്ന് പണം പിരിക്കാനെത്തിയവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ജനുവരി 10 ന് 35,000 രൂപ സ്ഥാപനത്തില്‍ അടച്ചിരുന്നുവെന്നും, ശേഷിക്കുന്ന തുക ഉടന്‍ നല്‍കാമെന്ന് പറഞ്ഞിരുന്നെന്നും, എന്നാല്‍ പണം പിരിക്കാന്‍ എത്തിയവര്‍ അതൊന്നും ശ്രദ്ധിക്കാതെ ട്രാക്ടര്‍ കൊണ്ടുപോവാന്‍ ശ്രമിച്ചു, ഇത് തടയാന്‍ ശ്രമിച്ച എന്റെ സഹോദരനെ കൂടെ വന്ന ഒരാള്‍ ട്രാക്ടറിന് മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. എന്റെ കണ്‍മുന്നില്‍ വച്ചാണ് സഹോദരനെ അവര്‍ കൊലപ്പെടുത്തിയതെന്ന് ഗ്യാന്‍ ചന്ദ്രയുടെ സഹോദരന്‍ ഓം പ്രകാശ് പറഞ്ഞു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ എം.പി സിംഗ് അറിയിച്ചു.

Top