അഗര്‍ത്തല: ത്രിപുരയില്‍ യുവമാധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തി.
പടിഞ്ഞാറന്‍ ത്രിപുരയില്‍ പ്രാദേശിക ടിവി വാര്‍ത്താ ചാനലായ ദിന്‍രാത് റിപ്പോര്‍ട്ടറായ ശാന്തനു ഭൗമികിനെയാണ് അക്രമികള്‍ വധിച്ചത്.
മാന്ദായിയില്‍ ഇന്‍ഡിജെനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) യുടെ പ്രതിഷേധവും റോഡ് ഉപരോധവും റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ശാന്തനുവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
പിന്നീട് കുറച്ചകലെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ ശാന്തനുവിനെ അഗര്‍ത്തല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോവായ് ജില്ലയില്‍ ഐപിഎഫ്ടി പ്രക്ഷോഭക്കാരും ഗണ മുക്തി പരിഷദ്, സിപിഐഎം ആദിവാസി വിഭാഗം പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്കു പരിക്കേറ്റിരുന്നു, ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്.