കൊലയാളി പന്നിപ്പനി ; എട്ട് മാസത്തിനിടെ രാജ്യത്ത് ആയിരത്തിലേറെ മരണം

deadbody

ന്യൂഡല്‍ഹി: കഴിഞ്ഞ എട്ട് മാസത്തിനിടെ രാജ്യത്ത് പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 1,094-ല്‍ എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

ഈ വര്‍ഷം ആഗസ്ത് വരെ 22,186 കേസാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2016 നെ അപേക്ഷിച്ച് വലിയ തോതിലുള്ള വര്‍ധനവാണിത്.

കഴിഞ്ഞ വര്‍ഷം 1,786 പന്നിപ്പനി കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍, 269 പേര്‍ മരിക്കുകയും ചെയ്തിരുന്നു.

മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളാണ് പന്നിപ്പനി മരണസംഖ്യയില്‍ മുന്നിട്ട് നില്‍ക്കുന്നത്.

കേരളം, രാജസ്ഥാന്‍, ഡല്‍ഹി സംസ്ഥാനങ്ങളും മരണസംഖ്യയില്‍ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. കേരളത്തില്‍ 73 പേരാണ് പന്നിപ്പനി ബാധിച്ച് മരിച്ചത്.

മധ്യവയസ്‌കര്‍, പ്രമേഹരോഗികള്‍, ആസ്മയുള്ളവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവരാണ് പന്നിപ്പനി മരണത്തിന് കൂടുതല്‍ ഇരയായിരിക്കുന്നത്.

അതുകൊണ്ട് തന്നെ രോഗ ലക്ഷണം കണ്ടാല്‍ ഇത്തരക്കാര്‍ പ്രത്യേക ചികിത്സയെടുക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

സെപ്തംബര്‍, ഒക്ടോബര്‍ മാസത്തിലാണ് പന്നിപ്പനി കൂടുതല്‍ പടര്‍ന്ന് പിടിച്ചത്. ആഗസ്ത് മാസത്തില്‍ മാത്രം 342 പേരാണ് പന്നിപ്പനി ബാധിച്ച് രാജ്യത്താകെ മരണമടഞ്ഞത്.

പനി, തൊണ്ടവേദന, തലവേദന, ചുമ, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങളോടെയെത്തുന്ന പന്നിപ്പനിയെ 2009ലാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്.

Top