ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ ഭീഷണി മുഴക്കിയ വ്യക്തി അറസ്റ്റില്‍. അബുദാബി ആസ്ഥാനമായ എണ്ണക്കമ്പനിയില്‍ റിഗ്ഗിംഗ് സൂപ്പര്‍വൈസറായി ജോലി നോക്കിയിരുന്ന കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായരെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കൊച്ചി പൊലീസ് കേസെടുത്തിരുന്നു.
യു.എ.ഇയില്‍ വച്ചായിരുന്നു കൃഷ്ണകുമാര്‍ വധഭീഷണി മുഴക്കിയത്. നാട്ടിലുണ്ടായിരുന്നപ്പോള്‍ ആര്‍.എസ്.എസ്.പ്രവര്‍ത്തകനായിരുന്നെന്നും പഴയ കത്തി മൂര്‍ച്ചകൂട്ടി എടുക്കുമെന്നുമാണ് ഇയാള്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞത്. ജോലി ഉപേക്ഷിച്ച് മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് എത്തുകയാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. പിണറായി വിജയനെ അസഭ്യം പറഞ്ഞ കൃഷ്ണകുമാര്‍, മന്ത്രി എം.എം. മണിയെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു.
വീഡിയോ വിവാദമായതോടെ മാപ്പ് അപേക്ഷിച്ചു കൊണ്ട് മറ്റൊരു ഫേസ്ബുക്ക് വീഡിയോയും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിയോടും കുടുംബത്തോടും വല്ലാത്ത അപരാധമാണ് ചെയ്തതെന്നും മാപ്പ് തരണമെന്നും കൃഷ്ണകുമാര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. മദ്യലഹരിയില്‍ പറ്റിപ്പോയ അബദ്ധമാണെന്നും ഇനിയാവര്‍ത്തിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
സംഭവം വിവാദമായതോടെ കമ്പനി ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ജോലി പോയതിനാല്‍ താന്‍ നാട്ടിലേക്ക് മടങ്ങുകയാണെന്നും നിയമം അനുശാസിക്കുന്ന എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കിയിരുന്നു.