സൈന്യത്തില്‍ ചേരാനായിരുന്നു ആ കൗമാരക്കാരന്റെ മോഹം. അതൊരു വെറും ആഗ്രഹമായി മനസ്സില്‍ സൂക്ഷിക്കാതെ അതിനുള്ള ശ്രമങ്ങളും അവന്‍ ആരംഭിച്ചിരുന്നു. സൈനികരുടേതിന് സമാനമായി മുടിയൊക്കെ ഒതുക്കിവെട്ടിയ ആ കൗമാരക്കാരന്‍ രാവിലെ എഴുന്നേറ്റ് ഓടാന്‍ പോകുന്നതും പതിവായിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഇത്തരമൊരു പ്രഭാത ഓട്ടത്തിന് ഇറങ്ങിയ അയാള്‍ തിരിച്ചെത്തിയില്ല.
സുഹൃത്തുക്കള്‍ക്കൊപ്പം ഓടാനിറങ്ങിയ 15കാരന്‍ അന്‍ഷുല്‍ ഗുര്‍ജാറാണ് കൊല്ലപ്പെട്ടത്. സൈന്യത്തില്‍ നിന്നും വിരമിച്ച പിതാവിന്റെ പിന്‍പറ്റി സൈനികനാകാനാണ് അന്‍ഷുല്‍ ആഗ്രഹിച്ചത്. മധ്യപ്രദേശിലെ മൊറിന ജില്ലയിലാണ് സംഭവം. കണ്ണുകള്‍ ചൂഴ്‌ന്നെടുത്തും, കാതുകള്‍ മുറിച്ചുനീക്കിയ നിലയിലുമാണ് കുട്ടിയുടെ മൃതദേഹം അടുത്തുള്ള പവര്‍ ഹൗസില്‍ നിന്നും കണ്ടെടുത്തത്.
സംഭവസ്ഥലത്ത് നിന്നും പൂജാദ്രവ്യങ്ങള്‍ കണ്ടെത്തിയതിനാല്‍ സംഭവം ദുര്‍മന്ത്രവാദം ആണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. മകനെ നരബലിക്ക് വിധേയമാക്കിയെന്നാണ് കുടുംബം ഭയക്കുന്നത്. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് രക്തത്തില്‍ കുളിച്ച അന്‍ഷുളിന്റെ മൃതശരീരം കണ്ടെത്തിയത്. സമീപത്ത് തേങ്ങയും, മറ്റ് ചില വസ്തുക്കളും കിടന്നിരുന്നു.
ഗ്രാമത്തിലെ ഒരു മന്ത്രവാദിയാണ് കൊലയ്ക്ക് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ കുട്ടിയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ മന്ത്രവാദമല്ല തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം നേടാനുള്ള ശ്രമങ്ങളാണ് കൊലയില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ വാദം.