സോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത ഭാഷയില്‍ വെല്ലുവിളിയുമായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍.
ഉത്തര കൊറിയയ്ക്കുമേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ പദ്ധതിയിട്ട് യുഎസ് ഇറക്കിയ പുതിയ ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടതിനെ തുടര്‍ന്നാണ് ശക്തമായ ഭാഷയില്‍ പ്രതികരണവുമായി ഉത്തര കൊറിയ രംഗത്തെത്തിയത്.
‘യുഎസിന്റെ പരമാധികാരം കയ്യാളുന്നയാള്‍ നടത്തുന്ന പ്രസ്താവനകള്‍ക്കു കനത്ത വില നല്‍കേണ്ടി വരുമെന്നും, ഏതു തരം മറുപടിയാണ് അയാള്‍ പ്രതീക്ഷിക്കുന്നതെന്നാണ് ഞാന്‍ ആലോചിക്കുന്നതെന്നും, അദ്ദേഹത്തിന്റെ വാക്കുകള്‍ അതിരുവിട്ടിരിക്കുന്നു, ട്രംപ് എന്തു പ്രതീക്ഷിച്ചാലും അതിനേക്കാള്‍ വലുതാകും അനുഭവിക്കേണ്ടിവരികയെന്നും, ഭ്രാന്തുപിടിച്ച യുഎസ് വൃദ്ധനാണ് ട്രംപ്’ എന്നുമാണ് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട കുറിപ്പിലൂടെ കിം ജോങ് ഉന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ഉത്തര കൊറിയയെ സഹായിക്കുന്ന സാമ്പത്തിക സ്രോതസുകളെ നിര്‍ത്തലാക്കുകയാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ ഉത്തര കൊറിയയെ മാത്രം ലക്ഷ്യം വച്ചുള്ളതാണെന്നു ട്രംപ് വ്യക്തമാക്കിയിരുന്നു.
അതേസമയം, ഉത്തര കൊറിയയുടെ ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ ലോകത്തിനു സൃഷ്ടിക്കുന്ന ഭീഷണിയെ ഉത്കണ്ഠയോടെയാണ് ഐക്യരാഷ്ട്ര സംഘടനയും രാജ്യാന്തര സമൂഹവും കാണുന്നത്.
യുഎന്‍ പൊതുസഭയിലെ കന്നി പ്രസംഗത്തില്‍, ഉത്തര കൊറിയയും ‘റോക്കറ്റ് മനുഷ്യനും’ (കിം ജോങ്) ഭീഷണി തുടര്‍ന്നാല്‍ പൂര്‍ണമായി നശിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.