ഭൂഗര്‍ഭ അറയിലെ കൊട്ടാരത്തില്‍ കിം ജോങ് , മിന്നല്‍ ആക്രമണത്തിന് അമേരിക്കന്‍ നീക്കം

വാഷിങ്ടണ്‍: അമേരിക്കയെയും സഖ്യകക്ഷികളെയും വെല്ലുവിളിച്ച് വിറപ്പിക്കുന്ന ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഭൂഗര്‍ഭ അറയിലെന്ന് റിപ്പോര്‍ട്ട്.

ലോകത്തെ വിറപ്പിച്ച  മിസൈല്‍ പരീക്ഷണത്തിനു ശേഷം കിം ഉത്തര കൊറിയയിലെ രഹസ്യ ഭൂഗര്‍ഭ അറയിലെ ‘കൊട്ടാര’ത്തിലാണെന്ന് അമേരിക്കന്‍ ചാരസംഘടനക്ക് (സി.ഐ.എ) വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്ലാവിധ ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുള്ള ഈ കൊട്ടാരത്തില്‍ നിന്ന് ചൈനയുടെ അതിര്‍ത്തിയിലേക്ക് കടക്കാന്‍ പറ്റാവുന്ന രഹസ്യ തുരങ്കവുമുണ്ടത്രെ.

അമേരിക്കന്‍ ആക്രമണം ഏത് നിമിഷവും പ്രതീക്ഷിച്ചു തന്നെയാണ് ആണവ പരീക്ഷണവുമായി കിം ജോങ് ഉന്‍ മുന്നോട്ട് പോകുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്നാണ് സി.ഐ.എയുടെ വിലയിരുത്തല്‍.

21586286_2005326609703203_1779052269_n

ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന്റെ സിഗ്‌നല്‍ കണ്ടാല്‍ തന്നെ അമേരിക്കന്‍ ദ്വീപായ ഗുവാം, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവടങ്ങളില്‍ മിസൈല്‍ ആക്രമണം നടത്താനാണ് ഉത്തര കൊറിയയുടെ പദ്ധതി.

രാജ്യം സ്വയം നശിച്ചാലും തനിക്കും കുടുംബത്തിനും ചൈനയിലേക്ക് രക്ഷപ്പെടാമെന്നതാണ് കിം ജോങ് ഉന്നിന്റെ കണക്ക് കൂട്ടലെന്നും സി.ഐ.എ കരുതുന്നു.

റഷ്യയും ചൈനയും ശക്തമായ നിലപാട് സ്വീകരിക്കാതെ ഉത്തര കൊറിയ ആണവ പരീക്ഷണത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും,  ഉത്തര കൊറിയയെ ആക്രമിക്കുന്നതിനു മുന്‍പ് തിരിച്ച് അവര്‍ ആക്രമണം നടത്താനുളള സാധ്യത കൂടുതലാണെന്നും  അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ സി.ഐ.എ  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും വാര്‍ത്ത പുറത്തുവിട്ട അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐക്യരാഷ്ട്ര സഭയുടെ ഉപരോധത്തോടൊപ്പം അടിയന്തരമായ കടുത്ത നീക്കങ്ങള്‍ നടത്താന്‍ അമേരിക്കയെ നിര്‍ബന്ധിതമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.

നിരവധി തവണ ഉത്തര കൊറിയന്‍ ഏകാധിപതി വെല്ലുവിളിച്ചിട്ടും ശക്തമായി തിരിച്ചടിക്കാത്തത് ലോക സമൂഹത്തിനു മുന്നില്‍ അമേരിക്കയുടെ ശക്തി ചോദ്യം ചെയ്യുന്ന തരത്തില്‍ മാറിയതിലും അമേരിക്കന്‍ ഭരണകൂടം അസ്വസ്ഥരാണ്.

ലോക പൊലീസായി വിലസിയ രാജ്യത്തെ, ഉത്തര കൊറിയയിലെ പയ്യന്‍ ഭരണാധികാരി വെല്ലുവിളിക്കുന്നത് വകവെച്ച് കൊടുക്കാന്‍ പറ്റില്ലെന്ന നിലപാട് അമേരിക്കക്കുണ്ടെങ്കിലും ഒരു യുദ്ധം ഒഴിവാക്കാനുള്ള സാധ്യതയാണ് പ്രധാനമായും അവര്‍ തേടുന്നത്.

അതുകൊണ്ടുതന്നെ ഭീഷണി ഉയര്‍ത്തുന്ന കിം ജോങ് ഉന്നിനെ വകവരുത്തുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യം.

ദക്ഷിണ കൊറിയയുമായി സഹകരിച്ച് കിം ജോങ് ഉന്നിന്റെ താവളം കണ്ടെത്താന്‍ അമേരിക്ക ശ്രമിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

21767719_2005326653036532_1680374662_n

ഈ അന്വേഷണത്തിനൊടുവിലാണ് തുരങ്കത്തെ കുറിച്ചും ഭൂഗര്‍ഭ അറയിലെ കൊട്ടാരത്തെ കുറിച്ചും അമേരിക്കക്ക് വിവരം ലഭ്യമായിരിക്കുന്നത്.

കിം ജോങ് ഉന്നിന്റെ കൊട്ടാരം, ആണവ ആയുധ കേന്ദ്രങ്ങള്‍, സൈനിക ആസ്ഥാനം എന്നിവ ലക്ഷ്യമിട്ട് മിന്നല്‍ ആക്രമണം ഒരേ സമയം നടത്തുന്നതിനെ കുറിച്ചാണ് അമേരിക്കയും സഖ്യകക്ഷികളും പ്രധാനമായും ഇപ്പോള്‍ ആലോചിക്കുന്നത്.

അമേരിക്കയുടെ സൈനിക ശേഷിക്കൊപ്പം എത്തുന്നത് വരെ ആണവ പരീക്ഷണങ്ങള്‍ തുടരുമെന്ന കിം ജോങ് ഉന്നിന്റെ പരസ്യ പ്രഖ്യാപനം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്.

അതേസമയം ദക്ഷിണ കൊറിയയ്ക്ക് സ്വന്തമായി ആണവ ആയുധം ഉള്ളത് കിം ജോങിന് സ്വന്തം ജീവനില്‍ ഭയമുണ്ടാക്കുമെന്നും,കിം ജോങ് ഉന്‍ ഒളിഞ്ഞിരിക്കുന്ന ഭൂഗര്‍ഭ ബങ്കറുകള്‍ നശിപ്പിക്കാന്‍ കഴിയുന്ന ബാലിസ്റ്റിക് മിസൈലുകള്‍ സൈന്യത്തിന് ഇപ്പോള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നും ദക്ഷിണ കൊറിയന്‍ സൈന്യത്തിലെ മുതിര്‍ന്ന സൈനിക ജനറല്‍ ഷിന്‍ വോണ്‍സിക് വ്യക്തമാക്കി.

ഇതിനിടെ ഉത്തര കൊറിയയുടെ തുടര്‍ച്ചയായ ഭീഷണികളെ വകവച്ചു കൊടുക്കില്ലെന്നും കനത്ത തിരിച്ചടിക്ക് തയാറാണെന്നുമുള്ള സൂചനയോടെ യുഎസ് രംഗത്തെത്തി. കൊറിയന്‍ പെനിന്‍സുലയ്ക്കു മുകളിലൂടെ ബോംബര്‍ വിമാനങ്ങള്‍ പറത്തിയാണ് യുഎസ് ശക്തമായ മറുപടി നല്‍കിയത്. റഡാറുകളുടെ കണ്ണുവെട്ടിച്ച് പറക്കാവുന്നതും കരുത്തുറ്റതുമായ നാല് യുദ്ധ വിമാനങ്ങളും രണ്ട് ബോംബര്‍ വിമാനങ്ങളുമാണ് ശക്തി പ്രകടനം നടത്തിയത്.

korea

ഉത്തര കൊറിയയുടെ തുടര്‍ച്ചയായ പ്രകോപനങ്ങളും ആണവ, മിസൈല്‍ പരീക്ഷണങ്ങളും ഇനിയും സഹിക്കാനാകില്ലെന്നതിന്റെ വ്യക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ യുഎസ് ലക്ഷ്യമിട്ടത്. സൈനികാഭ്യാസം നടത്തിയതായി ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. നാല് എഫ്35ബി സ്റ്റല്‍ത്ത് ഫൈറ്ററുകളും രണ്ട് ബി1ബി ബോംബറുകളുമാണ് ആകാശത്ത് വട്ടമിട്ട് പറന്നത്.

Top