ക്വാലാലംപൂര്‍: ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ അർധ സഹോദരൻ കിം ജോങ് നാം (45) മലേഷ്യയിൽ കൊല്ലപ്പെടുമ്പോൾ പുറംസഞ്ചിയിൽ ഒരുലക്ഷം യുഎസ് ഡോളർ (64 ലക്ഷത്തോളം രൂപ) ഉണ്ടായിരുന്നതായി പൊലീസ്.
കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫിസറാണ് ഇക്കാര്യം കൊടതിയെ അറിയിച്ചത്.
പണം ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കിം ജോങ് നാമിന്റെ സഞ്ചിയും വാച്ചും പുറംകുപ്പായവും രാസപരിശോധനയ്ക്ക് അയച്ചെങ്കിലും പിന്നീടു മേലധികാരികളുടെ ഉത്തരവിനെ തുടർന്ന് ഉത്തര കൊറിയയുടെ നയതന്ത്ര പ്രതിനിധിക്കു കൈമാറിയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ബോധിപ്പിച്ചു.
കഴിഞ്ഞ ഫെബ്രുവരി 13-ന് ഇന്തൊനീഷ്യക്കാരി സിതി ആയിശയും വിയറ്റ്നാമുകാരി ഡോൺ തി ഹുവോങ്ങും കിം ജോങ് നാമിനെ ക്വാലലംപൂർ വിമാനത്താവളത്തിൽ വിഷം കുത്തിവച്ച് കൊലപ്പെടുത്തി എന്നതാണ് കേസ്.
രണ്ടു യുവതികളുടെയും നീക്കങ്ങൾ വ്യക്തമാക്കുന്ന 30 വീഡിയോകൾ പ്രോസിക്യൂഷൻ കോടതിയിൽ കാണിച്ചു.
ഐക്യരാഷ്ട്ര സംഘടന നിരോധിത രാസായുധമായി പ്രഖ്യാപിച്ച രാസവസ്തുവാണു നാമിനെ കൊല്ലാൻ ഉപയോഗിച്ചത്.
കിം ജോങ് ഉന്നുമായി അകന്നുകഴിഞ്ഞിരുന്ന നാമിന്റെ കൊലപാതകത്തിൽ ഉത്തര കൊറിയയ്ക്കു പങ്കുള്ളതായി ആരോപണമുയർന്നിരുന്നു.