സോള്‍: ഉത്തരകൊറിയയുടെ ഭരണനേതൃത്വത്തിലേക്ക് കിം ജോങ് ഉന്‍ 28 കാരിയായ സഹോദരിയെ കൊണ്ടുവരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
കൊറിയയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
കിം യോ ജോങ് എന്നാണ് കിമ്മിന്റെ സഹോദരിയുടെ പേര്. 28 വയസ്സുകാരിയായ ഇവരെ രാജ്യത്തെ ഉന്നതാധികാര സമിതിയായ പോളിറ്റ് ബ്യൂറോ അംഗമായി നിയമിച്ചതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച നടന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മറ്റിയിലാണ് തീരുമാനമെടുത്തത്.
കിമ്മിന്റെ അടുത്ത ബന്ധു കിം ക്യോങ് ഹിയ്ക്കു പകരമായാണ് സഹോദരിയുടെ നിയമനം. ജനുവരിയില്‍ യു എസ് ട്രഷറി കിം യോ ജോങ് ഉള്‍പ്പെടെയുള്ള ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥരെ കടുത്തമനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.
മാത്രമല്ല റോക്കറ്റ് പരീക്ഷണങ്ങള്‍ക്ക് കിമ്മിന് പിന്തുണ നല്‍കുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസമ്മേളനത്തില്‍ ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് ഈവിള്‍ എന്നു വിശേഷിപ്പിച്ച ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോയ്ക്കും പോളിറ്റ് ബ്യൂറോയില്‍ സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്.