കൊറിയകൾക്കിടയിൽ അനുരഞ്ജന ചർച്ച ; പ്രതിജ്ഞ ചെയ്ത് ഏകാധിപതി കിം ജോങ്-ഉൻ

kim-jong

പ്യോങ്യാംഗ് : കൊറിയൻ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഭിന്നത ഇല്ലാതാക്കാൻ അനുരഞ്ജന ചർച്ച നടത്തുമെന്ന കാര്യത്തിൽ പ്രതിജ്ഞ ചെയ്ത് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്-ഉൻ. ഇരു രാജ്യങ്ങളും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പുതിയ ഉഭയകക്ഷി ബന്ധത്തിലൂടെ മാറ്റിയെടുക്കാനുള്ള പ്രതിജ്ഞാബദ്ധമായ ശ്രമങ്ങൾ തുടരുമെന്ന് കിം ജോങ്-ഉൻ അറിയിച്ചു.

ശൈത്യകാല ഒളിമ്പിക്സിന്റെ ഭാഗമായി ദക്ഷിണ കൊറിയയിൽ സന്ദർശനം നടത്തിയ കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് അടങ്ങുന്ന ഉത്തരകൊറിയൻ പ്രതിനിധി സംഘത്തെ തിരികെ സ്വാഗതം ചെയ്ത് സംസാരിക്കുകയിരുന്നു കിം ജോങ് ഉൻ.

സുപ്രീം പീപ്പിള്‍സ് അസംബ്ലിയുടെ തലവനായ കിം യോങ് നാം നയിക്കുന്ന ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പമായിരുന്നു കിം യോ ജോങ് ദക്ഷിണകൊറിയയിൽ എത്തിയത്. ദക്ഷിണ കൊറിയയിൽ എത്തിയ കിം യോ ജോങ് ജ്യേഷ്ഠൻ കിം ജോങ് ഉന്നിന്റെ പ്രത്യേക ദൂതൻ ആയിരുന്നുവെന്ന് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച പ്രതിനിധി സംഘവുമായി നടത്തിയ ചർച്ചയിൽ ഇരു രാജ്യങ്ങളും പരസ്പരം നല്ല ബന്ധം പുലർത്തണമെന്നും, ഇതിനായി അനുരഞ്ജന ചർച്ചകൾ ആവശ്യമെന്നും കിം ജോങ് അറിയിച്ചു. പ്രതിനിധി സംഘത്തിന്റെ ചർച്ചയിൽ സുപ്രീം പീപ്പിള്‍സ് അസംബ്ലിയുടെ തലവനായ കിം യോങ് നാം ദക്ഷിണ കൊറിയൻ സന്ദർശനത്തെക്കുറിച്ച് കിം ജോങിന് വ്യക്തമായ റിപ്പോർട്ട് നൽകി.

ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ-ഇന്നുമായുമായുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ചും,അമേരിക്കയുടെ വൈസ് പ്രസിഡന്റ് മൈക് പെൻസുമായി ചർച്ച നടത്തിയതിനെക്കുറിച്ചും സഹോദരി കിം യോ ജോങ് യോഗത്തിൽ വ്യക്തമാക്കി.

സംഘം നൽകിയ വിവരങ്ങൾ അനുസരിച്ചു സംതൃപ്തി ഉണ്ട്. ദക്ഷിണ കൊറിയയുടെ സ്വീകരണം മികച്ചതായിരുന്നുവെന്നും അതിനാൽ അവർക്ക് നന്ദി അറിയിക്കുന്നുവെന്നും കിം ജോങ്-ഉൻ കിട്ടിച്ചേർത്തു. ദക്ഷിണ കൊറിയയുമായി ചർച്ചകൾ ആരംഭിക്കേണ്ടത് എത്രയും പെട്ടന്ന് നടപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കിം നിർേദശം നൽകി.

ദക്ഷിണ കൊറിയ സന്ദർശനത്തിൽ പ്രസിഡന്റ് മൂൺ ജെ-ഇന്നിനെ ഉച്ചകോടി ചർച്ചക്കായി ഉത്തരകൊറിയയിലേയ്ക്ക് കിം ജോങ് ഉൻ ക്ഷണിച്ചതായി കിം യോ ജോങ് അറിയിച്ചിരുന്നു. അത്തരമൊരു കൂടിക്കാഴ്ച നടന്നാൽ അത് വലിയൊരു മാറ്റമാകും കൊണ്ടുവരുന്നത് .

1950–53ലുണ്ടായ കൊറിയ യുദ്ധത്തിനു ശേഷം ഉത്തരകൊറിയയിൽ നിന്ന് ദക്ഷിണ കൊറിയ സന്ദർശിക്കുന്ന ആദ്യത്തെ ഭരണ കുടുംബത്തിലെ അംഗമാണ് കിം യോ ജോങ്. 2007ലാണ്ഇരുകൊറിയകളുടെയും നേതാക്കൾ അവസാനമായി കൂടിക്കാഴ്ച നടത്തിയത്.

കൊറിയൻ പെനിൻസുലയിൽ ഇരുകൊറിയകളും തമ്മിൽ ഇപ്പോഴും ‘ശീതയുദ്ധ’ത്തിലാണ്. മേഖലയിൽ ഇരു രാജ്യങ്ങളും പ്രകോപനം നടത്തുന്നുണ്ട്. ഇതിനെല്ലാം ഉന്നതതല ചർച്ചയിലൂടെ മാറ്റം വരുമെന്നാണ് വിദഗ്​ധരുടെ അഭിപ്രായം.

Top