മിസൈല്‍ ആക്രമണത്തിനായി തയ്യാറായിരിക്കാന്‍ സൈന്യത്തോട് കിം ജോങ് ഉന്‍

kimjong

പോങ്യാങ്: പസഫിക് സമുദ്രത്തിലെ അമേരിക്കന്‍ ദ്വീപായ ഗുവാമില്‍ മിസൈല്‍ ആക്രമണത്തിനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് ഉത്തരകൊറിയയെന്ന് റിപ്പോര്‍ട്ട്.

സൈന്യത്തോട് ആക്രമണത്തിന് തയാറെടുക്കാന്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടതായി ഉത്തര കൊറിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഉന്നത സൈനിക മേധാവികളുമായി മിസൈല്‍ പദ്ധതിയെ കുറിച്ച് കിം ജോങ് ഉന്‍ വിശദമായ ചര്‍ച്ച നടത്തി. ഏതുസമയവും ആക്രമണമുണ്ടായേക്കാമെന്നാണ് സൂചനകള്‍.

ഗുവാം ദ്വീപിനെ ലക്ഷ്യമാക്കി ജപ്പാനു മുകളിലൂടെ തൊടുക്കാന്‍ നാലു മധ്യദൂര മിസൈലുകളാണ് ഉത്തരകൊറിയ തയാറാക്കിയിരിക്കുന്നത്.

നാലു മധ്യദൂര മിസൈലുകള്‍ ജപ്പാനു മുകളിലൂടെ ഗുവാം ദ്വീപിന്റെ 3040 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തേക്കു വിക്ഷേപിക്കുകയാണു ഉത്തര കൊറിയയുടെ പദ്ധതി. ഹ്വാസോങ്12 മിസൈലുകളാണു വിക്ഷേപിക്കുക. ഇവ 17.75 മിനിറ്റ് കൊണ്ടു 3356.7 കിലോമീറ്റര്‍ സഞ്ചരിച്ചു ലക്ഷ്യത്തിലെത്തും. മിസൈലിന്റെ യാത്രാപഥം തിരക്കേറിയ വിമാനപാതയിലൂടെയും കപ്പല്‍പാതയുടെ മുകളിലൂടെയുമാണ്. ഗുവാം തരിപ്പണമാകുമെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം.

എന്നാല്‍ ഉത്തരകൊറിയയുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്ക പ്രതികരിച്ചു. ഏതു തരത്തിലുള്ള ആക്രമണത്തേയും നേരിടാന്‍ അമേരിക്കന്‍ സൈന്യം തയാറാണെന്ന് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയയ്ക്ക് ശക്തമായ താക്കീതുമായി മുന്നോട്ടുവന്നിരുന്നു. ഉത്തരകൊറിയയുടെ ഭാഗത്തുനിന്നു കടുത്ത പ്രകോപനമുണ്ടായാല്‍ ഒരു മയവുമില്ലാതെ തിരിച്ചടിക്കാനാണ് ട്രംപ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

Top