പ്യോങ്യാംഗ്: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ബ്രസീലിയൻ പാസ്പോർട്ട് വ്യാജമെന്ന് റിപ്പോർട്ട്. പാശ്ചാത്യ രാജ്യങ്ങളിൽ യാത്ര നടത്തുന്നതിനായുള്ള വിസയ്ക്കായി കിം ജോങ് ഉൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതാണ് ബ്രസീലിയൻ പാസ്പോർട്ടെന്നാണ് പ്രമുഖ മാധ്യമമായ റോയിട്ടേഴ്സിന്റെ വെളിപ്പെടുത്തൽ.
കിം ജോങ് ഉന്നും പിതാവ് കിം ജോങ് ഇലും 1990-കളിൽ പാശ്ചാത്യ രാജ്യങ്ങൾ സന്ദർശിക്കാനാണ് വ്യാജ പാസ്പോർട്ട് നേടിയെടുത്തത്. എന്നാൽ വ്യാജ പാസ്പോർട്ടുകൾ ഉപയോഗിച്ച് യാത്ര നടത്തിയോയെന്നും ഇവർക്ക് വിസ ലഭിച്ചോയെന്നും വ്യക്തമല്ലെന്നും ബ്രസീൽ, ഹോങ്കോംഗ്, ജപ്പാൻ എന്നിവിടങ്ങളിൽ യാത്രക്കായി ഈ രേഖകൾ ഉപയോഗിക്കാൻ സാധ്യത ഉണ്ടെന്നും സ്രോതസുകൾ പറയുന്നു.
എന്നാൽ, ഒരു ചെറിയ കുട്ടിയെന്ന നിലയിൽ ബ്രസീലിൽ പാസ്പോർട്ട് ഉപയോഗിച്ചു ടോക്കിയോയിലേക്ക് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ യാത്ര നടത്തിയതായി ആറു വർഷം മുൻപ് ഒരു ജപ്പാനീസ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
പാസ്പോർട്ടുകളുടെ ഫോട്ടോകോപ്പികൾ റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്ത് വർഷത്തേയ്ക്കാണ് ഇരുവർക്കും പാസ്പോർട്ട് അനുവദിച്ചിരിക്കുന്നത്. പ്രാഗിലെ ബ്രസീലിയൻ എംബസിയുടെ സ്റ്റാമ്പുകൾ ഇതിൽ പതിപ്പിച്ചിട്ടുണ്ട്.
ഉത്തര കൊറിയയുടെ സ്വേച്ഛാധിപതിയായ ഭരണാധികാരി എന്നതിനപ്പുറം കിം ജോങ് ഉന്നിന്റെ ചെറുപ്പകാലത്തെ കുറിച്ച് അധികം ആർക്കും അറിയില്ല. കിം ജോങ് രാജ്യത്തിനു പുറത്ത് ജീവിച്ചിട്ടുണ്ട്, സ്വിറ്റ്സർലൻഡിലെ ഒരു സ്കൂളിലാണ് കിം ജോങ് ഉൻ പഠിച്ചത്. കിം ജോങ് ഉന്നിന്റെ മാതാവ് ഒരു ദക്ഷിണ കൊറിയൻ ഓപ്പറ ഗായികയായിരുന്നു. കിമ്മിന് മറ്റ് രണ്ട് സഹോദരങ്ങൾ കൂടി ഉണ്ട്, എന്നാൽ കിം പിതാവിന്റെ പിൻഗാമി ആയിരിക്കണമെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു.
2011 ൽ പിതാവിന്റെ മരണത്തെത്തുടർന്നാണ് കിം ജോങ് ഉൻ ഉത്തര കൊറിയയുടെ കൊറിയയുടെ നേതാവായത്. 1950ലെ കൊറിയൻ യുദ്ധത്തിന് ശേഷം രാജ്യംഭരിച്ച മുൻഗാമികളെക്കാൾ കൂടുതൽ ശാന്തമായ സമീപനമാകും കിം ജോങ് ഉൻ നടത്തുകയെന്ന് ജനങ്ങൾ ഊഹിച്ചു.
എന്നാൽ അതിന് വിപരീതമായ ഭരണമായിരുന്നു കിം ജോങ് കാഴ്ചവെച്ചത്. തന്റെ പൂർവികരിൽ നിന്ന് അധികാരങ്ങൾ നേടിയെടുത്ത ശേഷം കിം ജോങ് ഉൻ തന്റെ കുടുംബത്തിലെ അംഗങ്ങളടക്കം രാഷ്ട്രീയ എതിരാളികളെ വധിക്കാൻ ഉത്തരവിട്ടു. അദ്ദേഹത്തിന്റെ സഹോദരൻ കിം ജോങ് നാമിനെ മലേഷ്യൻ എയർപോർട്ടിൽ വെച്ച് വിഷം കുത്തിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിൽ കിം ജോങ് ഉന്നിന്റെ പങ്ക് ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്.
ഉത്തര കൊറിയയയെ ആഗോളതലത്തിൽ വൻ ആണവ ശക്തിയായി ഉയർത്തുന്നതിനാണ് കിം ജോങ് ഉൻ ശ്രമം നടത്തുന്നത്. അതിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ ഉപരോധം നേരിടുകയാണ് ഉത്തര കൊറിയ.