കീം-2020 പ്രവേശന പരീക്ഷ ജൂലൈ 16ന് നടക്കും; പരീക്ഷയെഴുതുന്നത് 1,10,250 വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സ് പ്രവേശന പരീക്ഷ ജൂലൈ 16ന് നടക്കും. കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും പുറമേ ഡല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 1,10,250 വിദ്യാര്‍ഥികളാണ് കീം-2020 പ്രവേശന പരീക്ഷ എഴുതുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഏപ്രില്‍ 20, 21 തീയതികളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ജൂലൈ 16 ലേക്കു മാറ്റിയത്. കണ്ടെയ്ന്‍മെന്റ് സോണ്‍, ഹോട്‌സ്‌പോട്ട് എന്നിവയ്ക്കു പുറമേ ട്രിപ്പിള്‍ ലോക്ഡൗണ്‍ മേഖലകളിലും കോവിഡ് വ്യാപനം തടയുന്നതിനു വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് പരീക്ഷയ്ക്ക് ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്.

പരീക്ഷാകേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലും ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കി സാമൂഹിക അകലം ഉറപ്പാക്കുന്നതിനു പൊലീസിന്റെ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരീക്ഷയ്ക്കു മുമ്പും ശേഷവും എല്ലാ പരീക്ഷാ കേന്ദ്രങ്ങളും അഗ്‌നിശമന സേന അണുവിമുക്തമാക്കും.

സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതിന് മൂവായിരത്തോളം സന്നദ്ധസേനാ പ്രവര്‍ത്തകരുടെ സേവനം വിനിയോഗിക്കും. കുട്ടികളുടെ തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസിങ് എന്നിവയുടെ ചുമതല അവര്‍ക്കായിരിക്കും. ഇതര സംസ്ഥാനക്കാരായ വിദ്യാര്‍ഥികള്‍ക്കും ക്വാറന്റീനില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്കും പ്രത്യേക റൂമുകള്‍ സജ്ജീകരിക്കും.

വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നതിനായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. പരീക്ഷാകേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരം രാവിലെയും വൈകിട്ടും സ്‌പെഷല്‍ സര്‍വീസ് നടത്തും. കൂടാതെ ‘ബസ് ഓണ്‍ ഡിമാന്‍ഡ്’ പദ്ധതിയും കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്.

Top