വാഷിംഗ്ടൺ: വടക്കൻ കൊറിയയുടെ ഭരണാധികാരി കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജപ്പാൻ പ്രധാനമന്ത്രി. അമേരിക്കയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനിടെയാണ് വടക്കൻ കൊറിയയുമായി ബന്ധം ശക്തിപ്പെടുത്താനുള്ള സാദ്ധ്യതയാണ് യോഷിഹിതേ സുഗ മുന്നിൽ കാണുന്നത്. നാൽപ്പത് വർഷങ്ങളായി തടവിലാക്കിയിരിക്കുന്ന ജപ്പാൻ പൗരന്മാരുടെ മോചനമാണ് സന്ദർശനത്തിലെ ഒരു പ്രധാന ദൗത്യമെന്നും സുഗ പറഞ്ഞു.
‘കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് താൻ ഒരുക്കമാണ്. ഒപ്പം പൗരന്മാരെ തടവിലാക്കിയിരിക്കുന്ന വിഷയം സംസാരിക്കണം. സ്വയം മുന്നിട്ടിറങ്ങി സംസാരിക്കുക എന്ന നയമാണ് താൻ സ്വീകരിക്കുക.’സുഗ വ്യക്തമാക്കി.
ചാരപ്രവർത്തനത്തിന്റെ പേരിൽ 1970കളിലും 1980കളിലും 17 ജപ്പാൻ പൗരന്മാരെ കൊറിയ തടവിലാക്കിയെന്നാണ് രഹസ്യാന്വേഷണ വിവരം. ജപ്പാൻ ഭാഷ പഠിക്കാനും ജപ്പാന്റെ രീതികൾ പരിശീലിപ്പിക്കാനുമാണ് കൊറിയൻ സൈന്യം പൗരന്മാരെ തടവിലാക്കി യതെന്നാണ് നിഗമനം. എന്നാൽ 2002ൽ തങ്ങളുടെ കയ്യിൽ 13 പേർ മാത്രമേയുള്ളുവെന്ന് കൊറിയ വ്യക്തമാക്കിയിരുന്നു.