ഉത്തരകൊറിയൻ ഏകാധിപതിയുടെ ശരീരഭാരം കുറഞ്ഞതായി റിപ്പോർട്ടുകൾ

ഉത്തര കൊറിയൻ ഭരണാധികാരിയായ കിം ജോങ് ഉൻ മെലിഞ്ഞു പോയെന്ന വാർത്തകളുമായി അന്തരാഷ്ട്ര മാധ്യമങ്ങൾ. ഒരു സ്വകാര്യ ചാനലിൽ അഭിമുഖത്തിന് എത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ ആരോഗ്യനില സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത്. രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാണെന്ന കിമ്മിൻ്റെ തുറന്ന് പറച്ചിൽ വിദേശ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. വിവരങ്ങൾ പങ്കുവയ്ക്കാൻ മടിക്കുന്ന കിം രാജ്യത്തെ സാഹചര്യങ്ങൾ പുറത്തുവിട്ടത് അതിശയത്തോടെയാണ് മാധ്യമങ്ങൾ കണ്ടത്.

വെള്ളിയാഴ്ച സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ കെആർടി സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ മെലിഞ്ഞ് ശരീരഭാരം കുറഞ്ഞ നിലയിലായിരുന്നു അദ്ദേഹമുണ്ടായിരുന്നത്. സാധാരണയിൽ കവിഞ്ഞ് വണ്ണം ഉണ്ടായിരുന്ന കിമ്മിൻ്റെ ആരോഗ്യനില മോശമായോ എന്ന ചർച്ച ഇതോടെ ഉത്തര കൊറിയയിൽ ആരംഭിച്ചു. പലരും വളരെ നിരാശയോടെയാണ് പ്രതികരണം നടത്തിയത്. ജീവിത ശൈലിയിൽ മാറ്റം വരുത്തിയതാണ് കിമ്മിൻ്റെ കിമ്മിൻ്റെ ശരീരഭാരം കുറയാൻ കാരണമായതെന്ന വാദവും ശക്തമാണ്. കഴിഞ്ഞ ഏപ്രിൽ 30നും ജൂൺ അഞ്ചിനും കിം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതടക്കമുള്ള കിമ്മിൻ്റെ ചിത്രങ്ങളും വീഡിയോകളും താരതമ്യം ചെയ്താണ് ചർച്ചകൾ നടക്കുന്നത്.

പൊതുസമൂഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെടാൻ മടിക്കുന്ന കിം ഒരു മാസത്തിന് ശേഷമാണ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്. ദിവസങ്ങൾക്ക് മുൻപ് ചേർന്ന ഭരണകക്ഷിയായ വർക്കേഴ്‌സ് പാർട്ടിയുടെ കേന്ദ്ര സമിതി യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നുവെങ്കിലും ചിത്രങ്ങളൊന്നും പുറത്തുവന്നില്ല. പുതിയ ചിത്രത്തിൽ കിം മെലിഞ്ഞ് ശരീരഭാരം കുറഞ്ഞ നിലയിലാണ്.

ഭക്ഷണപ്രിയനായ അദ്ദേഹത്തിൻ്റെ ഒരു വർഷം മുൻപത്തെ ചിത്രവുമായി താരതമ്യം ചെയ്യുമ്പോൾ അതിശയകരമായ രീതിയിൽ ശരീരം മെലിഞ്ഞു. ഇതോടെ കിം ഏതെങ്കിലും തരത്തിലുള്ള ചികിത്സ നേരിടുകയാണോ എന്ന ചോദ്യവും ഉയർന്നു. മുൻപും സമാനമായ ചർച്ചകൾ നടന്നിരുന്നുവെങ്കിലും അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതോടെ അത്തരത്തിലുള്ള ചർച്ചകൾ അവസാനിച്ചിരുന്നു.

Top