ഇന്നലെ ആയിരുന്നു ബ്രിട്ടനിൽ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പ്. ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങ് നാളെയും. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആസ്ഥാനമായ കാന്റർബറി കത്തീഡ്രലിൽ പോലും അവരുടെ സഭാത്തലവനായ ചാൾസിന്റെ രാജവാഴ്ചയാണെന്നതിന് പ്രകടമായ സൂചനകളില്ല. കാന്റർബറി കത്തീഡ്രലിന്റെ അകവും പുറവും ഒരുപോലെ ശാന്തം.
കിരീടധാരണച്ചടങ്ങു പ്രമാണിച്ച് ഇന്ന് കാന്റർബറിയിൽ ആഘോഷങ്ങളുണ്ട്. റോയൽ ബ്രിട്ടിഷ് ലീജിയന്റെ സെൻട്രൽ ബാൻഡ് കത്തീഡ്രലിലെത്തും. സംഗീതവും നൃത്തവുമുണ്ട്. ചാൾസിനെ രാജാവായി വാഴിക്കുന്ന നാളത്തെ ചടങ്ങിന്റെ തൽസമയ സംപ്രേഷണമുണ്ടാവും. ഞായറാഴ്ച കാന്റർബറി കത്തീഡ്രലിന്റെ വളപ്പ് പൊതുജനങ്ങൾക്കു തുറന്നുകൊടുക്കും. പിക്നിക് നടത്താം. ഭക്ഷണം പങ്കുവയ്ക്കാം. രാജവാഴ്ചയ്ക്ക് കാർമികത്വം വഹിച്ചശേഷം എത്തുന്ന കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി തന്റെ വ്യക്തിപരമായ അനുഭവങ്ങളും ചാൾസുമായുള്ള സുഹൃദ്ബന്ധവും പങ്കുവയ്ക്കുന്ന ‘റിഫ്ലക്‌ഷൻസും’ (ധ്യാനചിന്തകൾ) ഞായറാഴ്ച നടക്കും. 2150 രൂപയാണ് അവിടെ പ്രവേശനഫീസ്.