തൃശ്ശൂര്‍: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ തൃശ്ശൂര്‍ കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് താല്‍കാലിക പഠന സൗകര്യങ്ങള്‍ ഒരുക്കി. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം വേലൂര്‍ പഞ്ചായത്തിലെ വ്യവസായ കേന്ദ്രത്തിലാണ് താല്‍ക്കാലിക ക്ലാസ് റൂമുകള്‍ ഒരുക്കിയത്.
വടക്കാഞ്ചേരി എഇഒയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിലെ രേഖകള്‍ ഏറ്റെടുത്തു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ചയാണ് കിരാലൂര്‍ സ്‌കൂള്‍ അടച്ചു പൂട്ടിയത്. സ്‌കൂള്‍ പൂട്ടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരും സ്‌കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകരും തടഞ്ഞു വച്ചിരുന്നു. കുട്ടികളുടെ കുറവും സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടി സ്‌കൂള്‍ മാനേജരാണ് സ്‌കൂള്‍ പൂട്ടുകയാണ് ഭേദമെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്.
ഇതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. സ്ഥലത്തെ സാധാരണക്കാരുടെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു കിരാലൂര്‍ സ്‌കൂള്‍. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് മാനേജര്‍ നേരത്തേ ഹൈക്കോടതിയില്‍ നിന്ന് സ്‌കൂള്‍ അടച്ചുപൂട്ടാനുളള ഉത്തരവ് നേടിയിരുന്നു. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ നീണ്ടുപോവുകയായിരുന്നു. പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെയാണ് സ്‌കൂള്‍ അടയ്ക്കാനുളള ഹൈക്കോടതി നോട്ടീസ് പതിച്ചിരുന്നത്.