ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില്‍ വനിതകളുടെ ഷോട്ട് പുട്ട് മത്സരത്തില്‍ കിരണ്‍ ബലിയന്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടി. 17.36 മീറ്റര്‍ എറിഞ്ഞാണ് 24-കാരിയായ കിരണ്‍ വെങ്കലം സ്വന്തമാക്കിയത്. 72 വര്‍ഷത്തിനു ശേഷമാണ് ഈ ഇനത്തില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇതോടെ എട്ട് സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 33 ആയി. ആറാം ദിനത്തില്‍ രണ്ടു സ്വര്‍ണവും നാലു വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ എട്ട് മെഡലുകളാണ് ഇന്ത്യ നേടിയത്. അതുകൊണ്ടു തന്നെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ‘നല്ല വെള്ളിയാഴ്ച’യായിരുന്നു.
അഞ്ച് മെഡലുകളും ഷൂട്ടിങ് വിഭാഗത്തിലാണ്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ പതിനേഴുകാരി പലക് ഗുലിയയും പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3പി ടീമിനത്തില്‍ ഐശ്വരി പ്രതാപ് സിങ് തോമര്‍, സ്വപ്നില്‍ കുശാലെ, അഖില്‍ ഷിയോറന്‍ സഖ്യവുമാണ് സ്വര്‍ണം നേടിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ പതിനെട്ടുകാരി ഇഷ സിങ് വെള്ളി നേടി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ ടീമിനത്തിലും വെള്ളി മെഡലുണ്ട്. 50 മീറ്റര്‍ റൈഫില്‍ 3പിയില്‍ ഐശ്വരി പ്രതാപ് സിങ് തോമര്‍ വെള്ളി മെഡല്‍ നേടി. ടെന്നിസ് പുരുഷ ഡബിള്‍സിലും ഇന്ത്യയ്ക്ക് വെള്ളി. രാംകുമാര്‍ രാമാനാഥന്‍, സാകേത് മയ്നേനി സഖ്യം ഫൈനലില്‍ തോല്‍വി വഴങ്ങി. സ്‌ക്വാഷ് വനിതാ ടീം ഇനത്തില്‍ സെമിഫൈനലില്‍ ഹോങ്കോങ്ങിനോട് പരാജയപ്പെട്ട ഇന്ത്യ് വെങ്കലം നേടി.