രാജ്യത്തെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസര്‍ കിരണ്‍ ബേദിയുടെ മാനിറസങ്ങള്‍ കാട്ടി വെള്ളിത്തിരയില്‍ പൊലീസ് യൂണിഫോമില്‍ തിളങ്ങിയ താരമാണ് തെലങ്കു സൂപ്പര്‍താരം വിജയശാന്തി.
ആക്ഷന്‍ ലേഡിയായി ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്ന താരമാണ് വിജയശാന്തി. വൈജയന്തി ഐ.പി.എസ് എന്ന ഒറ്റ സിനിമയിലൂടെ സൂപ്പര്‍ താര പട്ടം കരസ്ഥമാക്കിയ ഇവര്‍ക്ക് പൊലീസ് യൂണിഫോമില്‍ തിളങ്ങാന്‍ പ്രചോദനവും കിരണ്‍ ബേദി തന്നെയാണ്.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ അവരുടെ വാഹനം ഡല്‍ഹി തെരുവീഥിയിലെ നോ പാര്‍ക്കിങ്ങ് മേഖലയില്‍ നിന്നും ക്രെയിന്‍ ഉപയോഗിച്ച് പൊക്കി മാറ്റിയ കിരണ്‍ ബേദിയുടെ നടപടിയാണ് വിജയശാന്തിയെ ഏറെ സ്വാധീനിച്ചത്.
സിനിമയിലെ പഞ്ച് ഡയലോഗ് രാഷ്ട്രീയത്തിലും പയറ്റിയ വിജയശാന്തി ഇപ്പോള്‍ തെലങ്കാന പിടിക്കുക എന്ന കോണ്‍ഗ്രസ്സ് ദൗത്യത്തിന് കരുത്ത് പകരാന്‍ സജീവ പ്രചരണത്തിലാണ്. ഭരണപക്ഷമായ ടി.ആര്‍.എസിനെ ഇവര്‍ ശരിക്കും വെള്ളം കുടുപ്പിക്കുന്ന കാഴ്ചയാണ് പ്രചരണ രംഗത്തുള്ളത്. പ്രത്യേക കോപ്റ്റര്‍ തന്നെ വിജയശാന്തിയുടെ പ്രചരണത്തിനായി കോണ്‍ഗ്രസ്സ് നേതൃത്വം വിട്ടു നല്‍കിയിട്ടുണ്ട്.
തെലങ്കാനയില്‍ രാഹുല്‍ ഗാന്ധി ഇടപെട്ട് പ്രത്യേക ചുമതല നല്‍കിയ ഉമ്മന്‍ ചാണ്ടി, പ്രചരണത്തിന് ഇറങ്ങുന്ന സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഒരു കുറവും വരുത്തരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് സംസ്ഥാന ഘടകത്തിനു നല്‍കിയിരിക്കുന്നത്.
മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം കൗശിക് റെഡ്ഢിക്കു വേണ്ടി കമലാപൂര്‍ ഗ്രാമത്തില്‍ എത്തിയ വിജയ ശാന്തിക്കു ലഭിച്ച സ്വീകരണം തന്നെ സിനിമയെ വെല്ലുന്നതായിരുന്നു. കോണ്‍ഗ്രസ്റ്റിന്റെ പ്രചരണ രംഗത്തെ മേല്‍ക്കോയ്മ വെളിവാക്കുന്നതായിരുന്നു ഈ സ്വീകരണ യോഗം.
കിലോമീറ്ററുകളോളമാണ് പുഷ്പവൃഷ്ടി നടത്തിയിരുന്നത്. പൂരത്തിന്റെ ആള്‍ക്കൂട്ടമാണ് വിജയശാന്തിയെ കാണാന്‍ തടിച്ചു കൂടിയത്. പൊലീസിന് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ലാത്തി പോലും വിശേണ്ടി വന്നു.
പഴയ ടി.ആര്‍.എസ് പ്രവര്‍ത്തകയായ വിജയശാന്തി പ്രധാനമായും തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ കടന്നാക്രമിക്കുന്നത് മുന്‍ സഹപ്രവര്‍ത്തകന്‍ കൂടിയായ മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിനെയാണ്. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം വെടിയുണ്ടയുടെ പ്രഹര ശേഷിയുണ്ടെന്നത് ജനങ്ങളുടെ പ്രതികരണത്തില്‍ നിന്നും തന്നെ വ്യക്തവുമാണ്.
താനും ചന്ദ്രശേഖരറാവുവും ഒന്നിച്ചത് തെലങ്കാനക്കു വേണ്ടിയായിരുന്നു എന്നും എന്നാല്‍ ഭരണം കിട്ടിയപ്പോള്‍ സ്വന്തം കാര്യം നേടാനാണ് റാവു പരിശ്രമിച്ച് കൊണ്ടിരിക്കുന്നതെന്നും വിജയശാന്തി പ്രചരണ യോഗങ്ങളില്‍ തുറന്നിടിക്കുന്നു.
തെലങ്കാനയിലെ ഇത്തവണത്തെ ജനവിധി സൂപ്പര്‍ ഹിറ്റായിരിക്കുമെന്നും, കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള മഹാകൂട്ടമി അധികാരത്തില്‍ വരുമെന്നുമാണ് വിജയശാന്തി മാധ്യമ പ്രവര്‍ത്തകരോടും പ്രതികരിച്ചത്.
മലയാളത്തിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഈ സൂപ്പര്‍ താരം രാഷ്ട്രീയത്തില്‍ ഇറങ്ങിയ ശേഷം അഭിനയത്തോട് വിട പറഞ്ഞിരിക്കുകയാണ്.
സിനിമയും സിനിമാ താരങ്ങളും ഏറെ സ്വാധീനം ചെലുത്തുന്ന ജനതയാണ് തെലങ്കാനയില്‍ ഉള്ളത് എന്നതിനാല്‍ വിജയശാന്തിയുടെ പ്രചരണത്തില്‍ കാണുന്ന ആള്‍ക്കൂട്ടം ഭരണപക്ഷത്തിന്റെ ചങ്കടിപ്പിക്കുന്നുണ്ട്.
119 നിയമസഭാ സീറ്റുകളും 17 ലോക്‌സഭ സീറ്റുകളുമാണ് തെലങ്കാനയില്‍ ഉള്ളത്. ആന്ധ്ര വിഭജനത്തിനു ശേഷം തെലങ്കാനയില്‍ അധികാരത്തില്‍ വന്ന ടി.ആര്‍.എസ് വലിയ അഗ്‌നി പരീക്ഷണമാണ് ഇപ്പോള്‍ നേരിടുന്നത്.
വിജയം സുനിശ്ചിതമെന്ന് ഉറപ്പിച്ച് കാലാവധി കഴിയും മുന്‍പേ നിയമസഭ പിരിച്ചു വിട്ട മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ നടപടി മണ്ടത്തരമായോ എന്ന് തെലങ്കാന ജനവിധി പുറത്തു വരുന്നതോടെ വ്യക്തമാകും.