കൊല്ലം: വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഗാര്‍ഹികപീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. കിരണിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാത്രിയാണ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഭര്‍ത്താവ് കിരണിന്റെ വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്ന ശുചിമുറിയുടെ വെന്റിലേഷനില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചെന്നു ഭര്‍തൃവീട്ടുകാര്‍ പറയുന്നു.
കൊല്ലം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍ ജോലി നോക്കുന്ന കിരണ്‍കുമാറും പന്തളം മന്നം ആയുര്‍വേദ കോളജിലെ ബിഎഎംഎസ് നാലാം വര്‍ഷ വിദ്യാര്‍ഥിനി വിസ്മയയും ഒരു വര്‍ഷം മുന്‍പാണു വിവാഹിതരായത്.
സ്ത്രീധനമായി നല്‍കിയ കാറിനു പകരം പണം മതിയെന്നു പറഞ്ഞു തര്‍ക്കങ്ങള്‍ പതിവായിരുന്നെന്നു വിസ്മയയുടെ ബന്ധുക്കള്‍ പറയുന്നു. വാഹന വായ്പയിലൂടെ വാങ്ങിയ കാര്‍ വില്‍ക്കാനാകില്ലെന്ന് അറിഞ്ഞതോടെ മകളെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. ഇതെക്കുറിച്ചു ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ നേരത്തേ പരാതി നല്‍കിയിരുന്നു.