ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ തിരിച്ചെത്തി

kiran-kumar-reddy

ന്യൂഡല്‍ഹി : ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഡി വീണ്ടും കോണ്‍ഗ്രസിലേക്ക്. 2011 ജൂണ്‍ മുതല്‍ ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന റെഡ്ഡി, സംസ്ഥാനം വിഭജിച്ച് തെലങ്കാന രൂപീകരിച്ചതില്‍ പ്രതിഷേധിച്ചു കൊണ്ട് 2014 മാര്‍ച്ചില്‍ രാജിവച്ച് കോണ്‍ഗ്രസ് വിടുകയായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കിരണ്‍ കുമാര്‍ റെഡ്ഢി പാര്‍ട്ടിയില്‍ മടങ്ങിയെത്തിയത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആന്ധ്രയുടെ ചുമതലയേറ്റ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പാര്‍ട്ടി വിട്ട നേതാക്കളെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് റെഡ്ഡിയുടെ ഈ മടങ്ങിയെത്തല്‍.

നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ അടുത്തെത്തി നില്‍ക്കെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടിവിട്ട് പുറത്ത് പോയ നേതാക്കളുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയത്. ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചപ്പോഴും പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരേണ്ട നേതാക്കളുടെ പട്ടിക കൈമാറിയിരുന്നു. ഇതില്‍ ആദ്യത്തേതായിരുന്നു കിരണ്‍ കുമാര്‍ റെഡ്ഢിയുടെ പേര്.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച കിരണ്‍കുമാര്‍ റെഡ്ഢിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Top