തിരുവനന്തപുരം: വെള്ളായണി കായലോരത്ത് പുനര്‍നിര്‍മ്മിച്ച പ്രശസ്തമായ കിരീടം പാലത്തില്‍ നാട്ടുകാരായ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്നു.ഞായറാഴ്ച (16 6 19) രാവിലെ ഒന്‍പതരയ്ക്ക് കിരീടം പാലത്തില്‍ നടക്കുന്ന സാംസ്‌കാരിക കൂട്ടായ്മ എം വിന്‍സെന്റ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.
കിരീടം സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ച കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി എന്ന പ്രശസ്ത ഗാനം ചിത്രീകരിച്ചത് വെള്ളായണി ദേവീ ക്ഷേത്രത്തിന് സമീപം ശിവോദയം റോഡില്‍ കായലിനോട് ചേര്‍ന്നുള്ളപാലത്തിലാണ്. ചിത്രവും പാട്ടും ഹിറ്റായതോടെ പാലം കിരീടം പാലം എന്ന് അറിയപ്പെട്ടു. കിരീടം കൂടാതെ നിരവധി സിനിമകള്‍ക്ക് ഇവിടം ചിത്രീകരണ വേദിയായിട്ടുണ്ട്. എന്നാല്‍ കിരീടം പാലം എന്ന പേരില്‍ മാത്രം ഒരു മാറ്റവും ഉണ്ടായില്ല.
കാലക്രമേണ പാലം തകര്‍ന്നു. കിരീടം പാലത്തിന് സമീപം പുതിയ പാലം വന്നപ്പോള്‍ കിരീടം പാലത്തിന് പ്രസക്തിയില്ലാതായതായതായി വാദിച്ചവര്‍ നിരവധിയാണ്. എന്നാല്‍ മലയാളം നെഞ്ചിലേറ്റിയ കിരീടം പാലത്തെ അതേ പടി നിലനിര്‍ത്തണമെന്ന ആവശ്യവുമായി നാട്ടുകാരനും പൊതുപ്രവര്‍ത്തകനുമായ ശാന്തിവിള പത്മകുമാര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. കമ്മീഷന്‍ അധ്യക്ഷനായിരുന്ന ജസ്റ്റിസ് ജെ.ബി. കോശി പാലം നിര്‍ത്തുന്നതിനായി അറ്റകുറ്റ പണികള്‍ നടത്തണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. എന്നിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാരായ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഇതിനിടെ വീണ്ടും കമ്മീഷന്‍ ഇടപെട്ടു. നടപടി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് പാലം പുനര്‍നിര്‍മ്മിച്ചു.
ആഗ്രഹസാഫല്യത്തിന്റെ നിറവിലാണ് നാട്ടുകാര്‍ പാലത്തില്‍ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്നത്. വെള്ളായണി ദേവീ ക്ഷേത്രത്തിലെ പ്രത്യേകതയായ തീപ്പന്തങ്ങള്‍ കത്തിച്ചാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ കിരീടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ലോകത്തെ അറിയിക്കുക. ചടങ്ങില്‍ കിരീടം സിനിമയിലെ അണിയറ പ്രവര്‍ത്തകരായ കിരീടം ഉണ്ണിയും ദിനേശ് പണിക്കരും പങ്കെടുക്കും.
നാട്ടുകാരായ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഡോ. വെള്ളായണി അര്‍ജുനന്‍, ഡോ. എം.എ. കരീം, കല്ലിയൂര്‍ ശശി, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ജയലക്ഷ്മി, പഞ്ചായത്തംഗം മനോജ് കെ നായര്‍ തുടങ്ങിയവരുംപങ്കെടുക്കും.