മുംബൈ: രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് സി.പി.എമ്മിനെ കുറിച്ചാണ്, ആ പാര്‍ട്ടിയുടെ സംഘടനാ മികവിനെ കുറിച്ചാണ് . .
സി.പി.എമ്മിന് കാര്യമായ ഒരു സ്വാധീനവുമില്ലാത്ത സംസ്ഥാനത്ത് വന്‍ കര്‍ഷക പ്രക്ഷോഭം ഉയര്‍ത്തി കൊണ്ടുവന്ന് സംസ്ഥാന – കേന്ദ്ര, ഭരണകൂടങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയത് വലിയ സംഭവമായാണ് രാജ്യത്തെ പ്രമുഖ ഭരണ – പ്രതിപക്ഷ പാര്‍ട്ടികള്‍ വിലയിരുത്തുന്നത്.
25,000 കര്‍ഷകരെ അണിനിരത്തി സി.പി.എം കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭ നാസിക്കില്‍ നിന്നും തുടങ്ങിയ ലോങ്ങ് മാര്‍ച്ച് ഇടക്ക് വച്ച് അവസാനിപ്പിക്കേണ്ടി വരുമെന്നാണ് സംസ്ഥാന ഭരണകൂടവും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും കരുതിയിരുന്നത്.
ഇനി തലസ്ഥാനത്ത് മാര്‍ച്ച് എത്തിയാല്‍ തന്നെ വളരെ കുറച്ച് ആളുകളേയേ അവര്‍ പ്രതീക്ഷിച്ചിരുന്നൊള്ളൂവത്രെ.
ചുട്ട്‌പ്പൊള്ളുന്ന വെയിലില്‍ ശാരീരിക അവശതകളെ അതിജീവിച്ച് ചോര പൊടിയുന്ന പാദങ്ങളുമായി പതിനായിരങ്ങള്‍ ചെങ്കടലായി ഇരമ്പി വരുമെന്ന് സ്വപ്നത്തില്‍ പോലും ഭരണകൂടം പ്രതീക്ഷിച്ചിരുന്നില്ലന്നതാണ് യാഥാര്‍ത്ഥ്യം.
രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെയെല്ലാം തകിടം മറിച്ചാണ് ഇപ്പോള്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു ലക്ഷത്തോളം കര്‍ഷകര്‍ പ്രതിഷേധത്തിന്റെ തീജ്യാല ഉയര്‍ത്തി മുംബൈയില്‍ പ്രവേശിച്ചിരിക്കുന്നത്.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിരിഞ്ഞ് പോകില്ലന്ന കര്‍ഷകരുടെ വാശിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇപ്പോള്‍ മുട്ടുകുത്തിയിരിക്കുകയാണ്.
കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് പ്രക്ഷോഭകരുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം രണ്ടു മാസംകൊണ്ട് പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കിയിരിക്കുന്നത്.
കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച് പഠിക്കാനും നടപ്പാക്കുന്നതിനും ആറംഗ സമിതിയെ നിയോഗിക്കുന്നതിന് തീരുമാനിച്ചു. കര്‍ഷക കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 1.5 ലക്ഷം രൂപയുടെ കടാശ്വാസം നല്‍കും. ആദിവാസി ഭൂമി സംബന്ധിച്ച തീരുമാനം രണ്ടു മാസത്തിനകം എടുക്കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ സാന്നിധ്യത്തില്‍ മന്ത്രി ഗിരീഷ് മഹാജന്റെ നേതൃത്വത്തിലായിരുന്നു കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടന്നത്. കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.
കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്നും പിന്‍മാറുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില നല്‍കുക, നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കുക, വനാവകാശ നിയമം നടപ്പാക്കുക, കര്‍ഷക പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍. ആദിവാസികളും വലിയ തോതില്‍ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നിരുന്നു.
1995 – മുതല്‍ 2013 വരെ 60,000 കര്‍ഷകരാണ് ജീവിക്കാന്‍ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്തത്. ഇനി ഒരു കര്‍ഷകനെയും മരണത്തിന് വിട്ടു കൊടിക്കില്ലന്ന് പ്രഖ്യാപിച്ച് കൂടിയായിരുന്നു പ്രതിഷേധം.
അതേ സമയം കര്‍ഷക പ്രതിനിധികളുമായി സംസാരിച്ച് സംഘര്‍ഷമില്ലാതെ സമരം അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതേ തുടര്‍ന്നാണ് സമരക്കാരെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ച് ആവശ്യങ്ങള്‍ അംഗീകരിച്ചത്.
ലോക് സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്ര കര്‍ഷക പ്രക്ഷോഭത്താല്‍ കൈവിട്ട് പോകുമോ എന്ന ഭീതിയിലായിരുന്നു ബി.ജെ.പി കേന്ദ്ര നേതൃത്വം.
കാവിക്കോട്ടകളായിരുന്ന മാധ്യപ്രദേശിലും രാജ്യസ്ഥാനിലും ഉപതിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ 48 ലോക് സഭാ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന മഹാരാഷ്ട്ര കൂടി കൈവിടുന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ബി.ജെ.പി.
നിലവില്‍ സഖ്യകക്ഷിയായ ശിവസേനയുമായി ഉടക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ഷക പ്രക്ഷോഭം കൂടി വന്നത് മഹാരാഷ്ട്ര സര്‍ക്കാറിനെ ശരിക്കും പ്രതിരോധത്തിലാക്കിയിരുന്നു.
കര്‍ഷക സമരം ശക്തമാവുകയും ഇതിന് അനുകൂലമായി ദേശീയ മാധ്യമങ്ങള്‍ അടക്കം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുക കൂടി ചെയ്തതോടെ ശിവസേന മന്ത്രി തന്നെ നേരിട്ട് സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന സാഹചര്യവുമുണ്ടായി.
കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ മുഖ്യമന്ത്രി പാലിക്കാത്തതാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നതാണ് ശിവസേനയുടെ അഭിപ്രായം.
ചെങ്കടല്‍ കാവിക്കോട്ടയെ പ്രകമ്പനം കൊള്ളിക്കുന്നത് ഏറെ ആശങ്കപ്പെടുത്തുന്നത് ആര്‍.എസ്.എസ് നേതൃത്വത്തെയാണ്.
ആര്‍.എസ്.എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനത്ത് സ്വപ്നത്തില്‍ പോലും ഒരു കമ്യൂണിസ്റ്റ് മുന്നേറ്റം സംഘപരിവാര്‍ ആഗ്രഹിക്കുന്നില്ല.
ത്രിപുര കൂടി ബി.ജെ.പി പിടിച്ചതോടെ കേരളത്തില്‍ മാത്രമായി ഒതുങ്ങിയ കമ്യൂണിസ്റ്റുകള്‍ അടുത്ത മൂന്ന് വര്‍ഷത്തില്‍ രാജ്യത്ത് നിന്നും പൂര്‍ണ്ണമായി തുടച്ച് നീക്കപ്പെടുമെന്നായിരുന്നു ആര്‍.എസ്.എസ് – ബി.ജെ.പി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നത്.
ഈ അവകാശവാദത്തിനാണ് മിന്നല്‍ വേഗത്തില്‍ മഹാരാഷ്ട്രയില്‍ സി.പി.എം മറുപടി കൊടുത്തിരിക്കുന്നത്.
‘2 എം.പിമാരുള്ള ത്രിപുരയില്‍ കിട്ടിയ ‘പണിക്ക് ‘ മഹാരാഷ്ട്രയില്‍ ’48ന്റെ പണി’ കിട്ടുമെന്ന ബോധ്യപ്പെടുത്തല്‍.
മണ്ണില്‍ പണിയെടുക്കുന്നവന്റെ കണ്ണീരിനെ പ്രതിഷേധാഗ്‌നിയാക്കി മാറ്റാന്‍ കഴിയുന്ന കമ്യൂണിസ്റ്റുകള്‍ വിചാരിച്ചാല്‍ ഏത് സംസ്ഥാനത്തും തൊഴിലാളികള്‍ ചെങ്കൊടി കയ്യിലേന്തുമെന്ന ഒന്നാന്തരമൊരു സന്ദേശമാണ് സി.പി.എം ബി.ജെ.പിക്ക് നല്‍കിയിരിക്കുന്നത്.
കാവി രാഷ്ട്രീയത്തിന് ശക്തമായ വളക്കൂറുള്ള മഹാരാഷ്ട്രയുടെ മണ്ണില്‍ സി.പി.എം കര്‍ഷക സംഘടന നടത്തിയ മുന്നേറ്റം വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ എങ്ങനെ സ്വാധീനിക്കും എന്ന കാര്യത്തില്‍ ആര്‍.എസ്.എസിനും ഇപ്പോള്‍ കടുത്ത ആശങ്കയാണുള്ളത്.
മഹാരാഷ്ട്ര മോഡല്‍ കര്‍ഷക സമരം ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, യു.പി സംസ്ഥാനങ്ങളിലേക്കും പടര്‍ത്താന്‍ സി.പി.എം ശ്രമിക്കുമെന്ന മുന്നറിയിപ്പ് ആര്‍.എസ്.എസ് നേതൃത്വം ബി.ജെ.പി ദേശീയ നേതൃത്വത്തിന് നല്‍കി കഴിഞ്ഞു.
നിലവില്‍ ഇപ്പോള്‍ തന്നെ രാജസ്ഥാനിലും മധ്യപ്രദേശിലും സി.പി.എം കിസാന്‍ സഭയെ മുന്‍നിര്‍ത്തി ചില ഇടപെടലുകള്‍ നടത്തി തുടങ്ങിയത് ഗൗരവമായി കാണണമെന്നതാണ് ആര്‍.എസ്.എസ് ഉപദേശം.
മഹാരാഷ്ട്രയിലെ ലോങ്ങ് മാര്‍ച്ചില്‍ വന്‍ ജനപങ്കാളിത്വമുണ്ടായതിനാല്‍ ചെമ്പട മറ്റു സംസ്ഥാനങ്ങളിലും ഭരണ സിരാ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചാല്‍ കര്‍ഷകരും സംസ്ഥാന ഭരണത്തോട് അതൃപ്തിയുള്ളവരും വന്‍ തോതില്‍ ഒഴുകുമെന്നാണ് മുന്നറിയിപ്പ്.
വിയര്‍പ്പ് പൊടിയുന്ന സമരത്തിന് കോണ്‍ഗ്രസ്സ് മെനക്കെടില്ല എന്നത് കൊണ്ടു മാത്രം ആശ്വസിച്ച രാജസ്ഥാന്‍ – മധ്യപ്രദേശ് സര്‍ക്കാറുകളുടെ കണക്ക് കൂട്ടലുകളാണ് ഇതോടെ ആശങ്കയിലാവുന്നത്.
ശൂന്യതയില്‍ നിന്നും അത്ഭുതം സൃഷ്ടിക്കാന്‍ കഴിവുള്ള കമ്യൂണിസ്റ്റ് നേതാക്കളെയും കേഡര്‍ സംവിധാനത്തെയും ബി.ജെ.പി മാത്രമല്ല, കോണ്‍ഗ്രസ്സും ഭയപ്പെടേണ്ട സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.
കമ്യൂണിസം എന്താണെന്ന് പോലും അറിയാത്ത പാവം കര്‍ഷകരാണ് അരിവാള്‍ ചുറ്റിക അലേഖനം ചെയ്ത പതാകയേന്തി ആവേശത്തോടെ വിപ്ലവ മുദ്രാവാക്യം വിളിച്ച് മഹാരാഷ്ട്രയെ വിറപ്പിച്ചത്.
ഈ ചുവപ്പ് പതാകയിലെ അടയാളം സ്വാഭാവികമായും സമരത്തില്‍ അണിനിരന്നവരില്‍ മാത്രമല്ല അവരെ പിന്തുണക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെയും മനസില്‍ പതിഞ്ഞു കഴിഞ്ഞു.
അവരുടെ ‘ബോധ്യം’ ബാലറ്റ് പേപ്പറിലും പ്രതിഫലിച്ചാല്‍ മഹാരാഷ്ട്രയെ സംബന്ധിച്ച് അത് പുതിയ ചരിത്രമാകും.
ത്യാഗസന്നദ്ധരായ നേതാക്കളും ബുദ്ധിപൂര്‍വമായ ഇടപെടലുമാണ് സിപിഎമ്മിനെയും അവരുടെ കര്‍ഷക സംഘടനയേയും മഹാരാഷ്ട്രയില്‍ ഇപ്പോള്‍ സ്വീകാര്യമാക്കിയിരിക്കുന്നത്.
എയര്‍കണ്ടീഷന്‍ ഓഫീസുകളിലും വാഹനങ്ങളിലും മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നേതാക്കളാല്‍ സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചുട്ടുപൊള്ളുന്ന വെയിലില്‍.. ചോര പൊടിയുന്ന പാദങ്ങളുമായി 200 കിലോമീറ്റര്‍ കര്‍ഷകര്‍ക്കൊപ്പം മുന്നില്‍ നിന്ന് നയിച്ച സിപിഎം നേതാക്കളെ അത്ഭുതത്തോടെ മാത്രമേ കാണാന്‍ സാധിക്കു. പ്രത്യേകിച്ച് രാഷ്ട്രീയം കച്ചവടവല്‍ക്കരിക്കപ്പെടുന്ന ഈ പുതിയ കാലത്ത്…
റിപ്പോര്‍ട്ട്: ടി അരുണ്‍ കുമാര്‍